മോഡിക്കെതിരായ പരാമര്‍ശം: മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലിദ്വീപ് ഭരണകൂടം

മോഡിക്കെതിരായ പരാമര്‍ശം: മൂന്ന്  മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലിദ്വീപ് ഭരണകൂടം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലിദ്വീപ്.

മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രിമാരായ മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് രണ്ട് മന്ത്രിമാര്‍.

ഇരുവരും മറിയം ഷിയുനയുടെ പ്രസ്താവന ഏറ്റുപിടിച്ച് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ലക്ഷദ്വീപിനെ മാലിദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകള്‍ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.

മറിയം ഷിയുനയുടെ വിവാദ പ്രസ്താവനയില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതോടെ മന്ത്രിയുടേത് വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയിരുന്നു. പിന്നീടാണ് ഇതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാര്‍ക്കെതിരെ നടപടിയുണ്ടായത്.

'എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റര്‍ നരേന്ദ്ര മോഡി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു' എന്നാണ് യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയുന മോഡിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ വിഡിയോ പങ്കുവച്ച് എക്‌സില്‍ കുറിച്ചത്. വിവാദമായതിന് പിന്നാലെ ഈ പോസ്റ്റ് മന്ത്രി നീക്കിയിരുന്നു.

'ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്ത ബോധത്തോടെയും വിനിയോഗിക്കണമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. അത് വിദ്വേഷം പ്രചരിപ്പിക്കാത്ത രീതിയിലും മാലിദ്വീപും അതിന്റെ രാജ്യാന്തര പങ്കാളികളും തമ്മിലുള്ള ബന്ധം ഉലയാത്ത രീതിയിലും ആകണം'- സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും മാലിദ്വീപിലെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സില്‍ കുറിച്ചതും വിവാദമായിരുന്നു.

മന്ത്രിമാരുടെ പരാമര്‍ശത്തിനെതിരെ 'മാലിദ്വീപിനെ ബഹിഷ്‌കരിക്കുക' എന്ന ആഹ്വാനവുമായി നിരവധി ആളുകള്‍ എക്‌സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തി. മാലിദ്വീപില്‍ അവധി ആഘോഷിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും നിരവധി പേര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.