മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണം: സുപ്രീം കോടതിയില്‍ തമിഴ്നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണം: സുപ്രീം കോടതിയില്‍ തമിഴ്നാട്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ക്ക് അംഗീകാരം നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. 2024 ലെ കാലവര്‍ഷത്തിന് മുമ്പ് എല്ലാ പണികളും പൂര്‍ത്തിയാക്കാനുള്ള അനുമതി നല്‍കാന്‍ നിര്‍ദേശിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതിയെക്കൊണ്ട് അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

സമഗ്ര പരിശോധന നടത്താന്‍ നിയമപരമായ അധികാരം അണക്കെട്ടിന്റെ ഉടമകളായ തങ്ങള്‍ക്കാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ആ പരിശോധന 2026 ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ പറഞ്ഞു.

അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2006 ലെയും 2014 ലെയും വിധികളിലെ ശുപാര്‍ശകളും മേല്‍നോട്ട സമിതി നല്‍കിയ വിവിധ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളും കേരളം നടപ്പാക്കിയിട്ടില്ലെന്ന് തമിഴ്‌നാട് ആരോപിച്ചു. ഈ ശുപാര്‍ശകളാണ് ആദ്യം നടപ്പാക്കേണ്ടത്.

അതിന് തയ്യാറാകാതെ സമഗ്ര സുരക്ഷാ പരിശോധന എന്ന ആവശ്യമാണ് കേരളം മുന്നോട്ടു വെക്കുന്നതെന്നും തമിഴ്‌നാട് ആരോപിച്ചു. പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിലെ 38-ാം വകുപ്പ് പ്രകാരം സുരക്ഷാ പരിശോധന നടത്തേണ്ടത് അണക്കെട്ടിന്റെ ഉടമസ്ഥരാണ്.

മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഉടമസ്ഥരായതിനാല്‍ പരിശോധന തങ്ങള്‍ നടത്തുമെന്നും തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചു. 2021 ലെ ഡാം സുരക്ഷാ നിയമം നിലവില്‍ വന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കിയാല്‍ മതി. അതുകൊണ്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ട് വര്‍ഷത്തെ കാലാവധിയുണ്ടെന്നും തമിഴ്‌നാട് വ്യക്തമാക്കി.

ഡോ. ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയില്‍ തമിഴ്‌നാട് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. സുരക്ഷാ പരിശോധനയ്ക്ക് തമിഴ്നാടിനെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശമടങ്ങുന്ന സത്യവാങ്മൂലം കേന്ദ്ര ജല കമ്മീഷനും മേല്‍നോട്ട സമിതിയും സുപ്രീം കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.