ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്ന ക്രിസ്ത്യന്‍ പള്ളിക്ക് പത്ത് വര്‍ഷത്തിനു ശേഷം പുതുജീവന്‍. വടക്കന്‍ ഇറാഖിലെ മൊസൂളിലുള്ള ഡൊമിനിക്കന്‍ ചര്‍ച്ച് ഓഫ് ഔവര്‍ ലേഡി ഓഫ് ദി ഹവര്‍ എന്ന ദേവാലയമാണ് പുനര്‍നിര്‍മ്മിച്ചത്. യുനെസ്‌കോയുടെ സഹകരണത്തോടെയാണ് ദേവാലയത്തിന്റെ പുനര്‍നിര്‍മാണം നടത്തിയത്.
ജനുവരി ഒന്നിന് ദൈവമാതാവായ മറിയത്തിന്റെ തിരുനാള്‍ ദിനത്തില്‍ ലോക സമാധാനത്തിനായി ഈ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെട്ടു. ആഹ്ലാദത്തിന്റെയും പ്രത്യാശയുടെയും അന്തരീക്ഷത്തില്‍ നിരവധി സന്യാസിമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ നടന്ന ദിവ്യബലിക്ക് ഡൊമിനിക്കന്‍ ഓര്‍ഡറിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജെറാര്‍ഡ് ഫ്രാന്‍സിസ്‌കോ ടിമോണര്‍ നേതൃത്വം നല്‍കി.
ക്രിസ്ത്യാനികള്‍, യസീദികള്‍, സുന്നി, ഷിയ മുസ്ലീങ്ങള്‍, അറബികള്‍, കല്‍ദിയന്മാര്‍, കുര്‍ദുകള്‍ തുടങ്ങി വിവിധ സംസ്‌കാരങ്ങളും മതങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ വേരുകളോടുന്ന മണ്ണായ മൊസൂളിലെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദൈവാലയം മതസൗഹാര്‍ദത്തിന്റെ കേന്ദ്രവും കൂടിയായിരുന്നു. 2014-ലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ ഈ ദേവാലയം തകര്‍ത്തത്. ഇതോടെ ഈ മണ്ണിലെ മതസൗഹാര്‍ദത്തിനും സമാധാന അന്തരീക്ഷത്തിനും കോട്ടം തട്ടി.
ആക്രമണത്തിനു ശേഷം ഈ ദേവാലയം ആയുധ സംഭരണത്തിനും മതപീഡനത്തിനുമുള്ള കേന്ദ്രമായി തീവ്രവാദികള്‍ ഉപയോഗിച്ചു. നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ ഭാര്യ നഗരത്തിലെ ഡൊമിനിക്കന്‍ വൈദികര്‍ക്ക് നല്‍കിയ സമ്മാനമായ പ്രസിദ്ധമായ ക്ലോക്ക് ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. ഈ ദേവാലയത്തിന്റെ നാശം കേവലം ഒരു പൈതൃക കെട്ടിടത്തിന്റെ തകര്‍ച്ച മാത്രമായിരുന്നില്ല, അത് മൊസൂളിലെ എല്ലാ നിവാസികളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പ്രതികൂലമായി ബാധിച്ചു. കാരണം നഗരത്തിന്റെ ചരിത്രത്തിന്റെയും സ്വത്വത്തിന്റെയും ഒരു പ്രധാന പ്രതീകമാണ് ഇല്ലാതായത്.
എന്നാല്‍ ദൈവനിയോഗം പോലെ 2020 ഏപ്രിലില്‍ യുനെസ്‌കോയുടെ ഇടപെടലുണ്ടായി. പള്ളിയുടെയും പഴയ നഗരമായ മൊസൂളിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുനെസ്‌കോഏറ്റെടുത്തു. ഈ ദൗത്യത്തില്‍, ഡൊമിനിക്കന്‍ വൈദികര്‍ കൈ മെയ് മറന്ന് സഹകരിച്ചു.
പുനര്‍നിര്‍മ്മാണം പള്ളിയില്‍ മാത്രമായി പരിമിതപ്പെടുത്താതെ വിവിധ സാംസ്‌കാരിക-മത സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും പ്രേരകമായി.
1873-ലാണ് ഇറാഖിലെ ഡൊമിനിക്കന്‍ സാന്നിധ്യത്തിന്റെ കേന്ദ്രമായാണ് ലാറ്റിന്‍ ചര്‍ച്ച് ഓഫ് ഔവര്‍ ലേഡി ഓഫ് ദി ഹവര്‍ സ്ഥാപിക്കപ്പെട്ടത്. ഇറാഖിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ സ്‌കൂളും ആദ്യത്തെ അച്ചടിശാലയും ഉള്‍പ്പെടെ പ്രദേശത്തെ പ്രധാന സാംസ്‌കാരിക, അക്കാദമിക് കേന്ദ്രം കൂടിയായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.