'തല്ലും തലോടലും ഒരുമിച്ച് പോകില്ല': ബിജെപിയുടെ ഇരട്ട മുഖം തുറന്നു കാട്ടി രൂക്ഷ വിമര്‍ശനവുമായി കെസിബിസി

 'തല്ലും തലോടലും ഒരുമിച്ച് പോകില്ല': ബിജെപിയുടെ ഇരട്ട മുഖം തുറന്നു കാട്ടി രൂക്ഷ വിമര്‍ശനവുമായി കെസിബിസി

കൊച്ചി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി. സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങള്‍ തുടരുകയാണെന്നാണ് സഭയുടെ മുഖപത്രമായ ദീപികയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാദര്‍ ജേക്കബ് ജി പാലക്കാപ്പിള്ളി എഴുതിയ ലേഖനത്തില്‍ പറുന്നത്.

'ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങള്‍ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നു. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്' - ഫാദര്‍ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

തല്ലും തലോടലും ഒന്നിച്ചു വേണ്ടന്ന് ലേഖനം പറയുന്നു. മണിപ്പൂരില്‍ ക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്നും എല്ലാ പൗരന്മാര്‍ക്കും സമാധാനത്തോടെ ഈ രാജ്യത്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:


രാജ്യാന്തര സംഘടനയായ ഓപ്പണ്‍ ഡോര്‍സ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് തുടങ്ങിയവയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയില്‍ ശരാശരി രണ്ട് അതിക്രമങ്ങള്‍ പ്രതിദിനം ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ, ക്രൈസ്തവര്‍ക്ക് എതിരായുള്ള ആക്രമണങ്ങള്‍ വര്‍ഷം തോറും വര്‍ധിച്ചുവരുന്നു. പത്തുവര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി, അതായത് 687 അക്രമസംഭവങ്ങള്‍ 2023 ജനുവരി മുതല്‍ നവംബര്‍ വരെ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആള്‍ക്കൂട്ട അക്രമങ്ങള്‍, കള്ളക്കേസുകളില്‍പ്പെടുത്തല്‍, ദൈവാലയങ്ങള്‍ നശിപ്പിക്കല്‍, ആരാധനയും വേദോപദേശ ക്ലാസുകളും തടസപ്പെടുത്തല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മറ്റു സംസ്ഥാനങ്ങളിലാണെങ്കില്‍ത്തന്നെയും അത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകരാണ്. ഇത്തരമൊരു അപകടകരമായ അവസ്ഥ രാജ്യത്തുടനീളം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ക്രൈസ്തവ സമൂഹങ്ങളുമായി ഐക്യം രൂപപ്പെടുത്താന്‍ ബിജെപി രാഷ്ട്രീയ നേതൃത്വം ശ്രമം നടത്തുന്നതും.

ന്യൂനപക്ഷങ്ങളുമായി, വിശിഷ്യാ ക്രൈസ്തവ സമൂഹവുമായുള്ള ബന്ധം വളര്‍ത്തുന്നതിനായി തിരുനാളുകളോടനുബന്ധിച്ച് വിരുന്നുകള്‍ സംഘടിപ്പിക്കുകയും സൗഹാര്‍ദ്ദ സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന ശൈലി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ അവലംബിച്ചു തുടങ്ങിയിട്ട് ചില വര്‍ഷങ്ങളായി. ബിജെപിക്ക് ഇനിയും കാര്യമായ രാഷ്ട്രീയനേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കേരളത്തില്‍ പോലും ക്രൈസ്തവ നേതൃത്വങ്ങളുമായി സമവായത്തിലെത്താന്‍ പാര്‍ട്ടി തലത്തില്‍ സമീപകാലത്തായി ഊര്‍ജ്ജിത ശ്രമങ്ങളുണ്ട്.

ഇത്തരം നീക്കങ്ങള്‍ക്ക് കത്തോലിക്കാ സഭയുടെയോ, മറ്റ് ക്രൈസ്തവ സഭകളുടെയോ ഔദ്യോഗിക നേതൃത്വങ്ങളില്‍ നിന്ന് പ്രോത്സാഹനങ്ങളൊന്നും ഇനിയും ഉണ്ടായിട്ടില്ലെങ്കില്‍ പോലും, ദേശീയതലത്തില്‍ തന്നെ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ക്രൈസ്തവരോട് അനുകൂല നിലപാടുകളാണ് എക്കാലത്തും ഉള്ളതെന്നും സൗഹാര്‍ദ്ദ സമീപനം ആരോഗ്യകരമാണെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നിരന്തരം കണ്ടു വരുന്നുണ്ട്. ചില സംഘടനാ സംവിധാനങ്ങളുടെ സഹായത്തോടെ ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള നിരന്തര പരിശ്രമങ്ങളുമുണ്ട്.

ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളും സമവായ നീക്കങ്ങളും പുരോഗമിക്കുമ്പോള്‍ തന്നെ, ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുകയും തുടര്‍ച്ചയായി നിയമങ്ങള്‍ ദുരുപയോഗിച്ച് കെണികളില്‍ അകപ്പെടുത്തുകയും ചെയ്യുന്നത് ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മേല്‍പ്പറഞ്ഞ നീക്കങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്.

രാഷ്ട്ര നിര്‍മ്മിതിക്കായി പതിറ്റാണ്ടുകളായി സംഭാവനകള്‍ നല്‍കി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍ക്കും വിവിധ സാമൂഹിക പ്രവര്‍ത്തനമേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒട്ടേറെ വൈദികര്‍ക്കും സന്യസ്തര്‍ക്കും മതപരിവര്‍ത്തന നിയമങ്ങളുടെ ദുരുപയോഗം ഭീഷണിയായി മാറിയിരിക്കുന്നു. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് എതിരായുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒന്നായി ദേശീയ ബാലാവകാശ കമ്മീഷന്‍ മാറുന്നത് ദൗര്‍ഭാഗ്യകരമാണ്.

ദേശീയ ബാലാവകാശ കമ്മീഷന്‍ ക്രൈസ്തവ സ്ഥാപനങ്ങളെ വേട്ടയാടുമ്പോള്‍

ദേശീയ ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും കേസില്‍ അകപ്പെടുത്തുകയും ചെയ്യുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്. ബാലാവകാശ കമ്മീഷന്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നത് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ വഴിയായാണ്. ചില മുന്‍കാല ഉദാഹരണങ്ങള്‍:

- 2023 ജൂലൈ 21 ന് മധ്യപ്രദേശിലെ ജാബുവയില്‍ കത്തോലിക്കാ സന്യസ്തര്‍ നടത്തിവരുന്ന അനാഥാലയത്തില്‍ പരിശോധനയ്ക്കെത്തിയ ബാലാവകാശ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ സന്യാസാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. മതപരിവര്‍ത്തനം എന്ന ആരോപണമാണ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയത്. തലമുറകളായി കത്തോലിക്കാ വിശ്വാസികളായി ജീവിക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളായിട്ടുപോലും അവരെ വിട്ടയയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.

- 2023 മെയ് മാസത്തില്‍ കമ്മീഷന്‍ മധ്യപ്രദേശിലെ സാഗറിന് സമീപം നൂറ്റമ്പത് വര്‍ഷത്തെ പഴക്കമുള്ള സെന്റ് ഫ്രാന്‍സിസ് സേവാധാം ഓര്‍ഫനേജില്‍ റെയ്ഡ് നടത്തുകയുണ്ടായി. ഓഫീസ് മുറികളും ദേവാലയവും അലങ്കോലപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത വൈദികര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയുമുണ്ടായി. സിസിടിവിയും കമ്പ്യൂട്ടറുകളും തകരാറിലാക്കിയ അവര്‍ ഫോണുകളും രേഖകളും മറ്റും പിടിച്ചെടുത്തു. കസ്റ്റഡിയില്‍ എടുത്ത വൈദികരെ മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയയ്ക്കാന്‍ തയ്യാറായത്.

- 2021 ഡിസംബര്‍ 13ന് ഗുജറാത്തിലെ വഡോദരയില്‍ മകര്‍പുരയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ അഗതിമന്ദിരത്തിനും, അതിന് ഒരു മാസം മുമ്പ് മധ്യപ്രദേശിലെ ഇന്റ്‌ഖേരിയില്‍ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവന്നിരുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിനും എതിരെ യുക്തിരഹിതമായ കുറ്റാരോപണങ്ങള്‍ നടത്തി കേസ് ചാര്‍ജ്ജ് ചെയ്യാന്‍ കാരണമായതും ദേശീയ ബാലാവകാശ കമ്മീഷന്റെ ദുരൂഹമായ ഇടപെടല്‍ മൂലമാണ്.

ആഞ്ചല്‍ ഗേള്‍സ് ഹോസ്റ്റലിനെതിരെ

മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ പര്‍വാലിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആഞ്ചല്‍ ഗേള്‍സ് ഹോസ്റ്റലിനെതിരെ നടന്ന നീക്കങ്ങളാണ് ഏറ്റവും ഒടുവിലെ സംഭവം. ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ജനുവരി നാലിന് ഹോസ്റ്റലില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയും, കുട്ടികളെ നിര്‍ബ്ബന്ധിതമായി മറ്റു ഷെല്‍ട്ടര്‍ ഹോമുകളിലേയ്ക്ക് മാറ്റുകയും ചെയ്തു. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഫാ. അനില്‍ മാത്യുവിനെ പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയുമുണ്ടായി.

ഹോസ്റ്റലിലെ 26 കുട്ടികള്‍ മിസിംഗ് ആണ് എന്ന ആരോപണമാണ് മുഖ്യമായും ഉദ്യോഗസ്ഥര്‍ ഉന്നയിച്ചത്. ഹോസ്റ്റലിന്റെ ആരംഭകാലം മുതലുള്ള രജിസ്റ്ററിലുണ്ടായിരുന്നതും പലപ്പോഴായി തിരികെ സ്വഭവനങ്ങളിലേയ്ക്ക് മടങ്ങിയവരുമാണ് ആ കുട്ടികള്‍ എന്ന് ഹോസ്റ്റല്‍ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും അധികാരികള്‍ തങ്ങളുടെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍, പോലീസ് അന്വേഷണത്തില്‍ ആ കുട്ടികള്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഉണ്ടെന്ന് വ്യക്തമായി.

സ്ഥാപനത്തിന് രജിസ്ട്രേഷന്‍ ഇല്ല എന്ന ആരോപണവും തെറ്റാണ്. വിദ്യാര്‍ഥിനികള്‍ക്ക് പഠനാര്‍ത്ഥം ഒരുക്കിയിരിക്കുന്ന ഹോസ്റ്റല്‍ മാത്രമാണ് ആഞ്ചല്‍. ഇവിടെ താമസിച്ചുപഠിക്കുന്ന മുഴുവന്‍ കുട്ടികളും മാതാപിതാക്കളോ രക്ഷിതാക്കളോ ഉള്ളവരും, അവരുടെ അപേക്ഷ പ്രകാരം മാത്രം ഹോസ്റ്റലില്‍ താമസിക്കുന്നവരുമാണ്.

മാത്രവുമല്ല, ആഞ്ചല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും, പോലീസ് അധികാരികള്‍ക്കും യഥാസമയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനത്തില്‍ നിയമാനുസൃതമായി കെട്ടിടം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്.

മതപരിവര്‍ത്തന നിരോധന നിയമം

മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ള മധ്യപ്രദേശില്‍ ആഞ്ചല്‍ ഗേള്‍സ് ഹോസ്റ്റലിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങളില്‍ ഒന്ന് മതപരിവര്‍ത്തനം തന്നെയാണ്. കാണാതായ കുട്ടികളെ മതപരിവര്‍ത്തന കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ് എന്നും ആരോപിക്കുകയുണ്ടായി. ഇത്തരത്തില്‍ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ തുടര്‍ന്നാണ് സ്ഥാപന ഡയറക്ടര്‍ ഫാ. അനില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നത്.

പ്രാദേശിക ജില്ലാ ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും വാസ്തവങ്ങള്‍ അന്വേഷിച്ചു മനസിലാക്കിയതാണ്. എന്നിട്ടും ബാലാവകാശ കമ്മീഷന്റെയും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും നിരന്തരമായ സമ്മര്‍ദ്ദമാണ് വൈദികന്റെ അറസ്റ്റിന് കാരണമായത്. സത്യസന്ധമായ നിലപാടുകള്‍ സ്വീകരിച്ച മൂന്ന് ഉദ്യോഗസ്ഥരെ കൃത്യ നിര്‍വഹണത്തിലെ വീഴ്ചകള്‍ ആരോപിച്ച് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിന് ഉദാഹരണമാണ് ഇത്.

ദേശീയ ബാലാവകാശ കമ്മീഷനുമായി ബന്ധപ്പെട്ടവ മാത്രമല്ല ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും നേരിടുന്ന ഭീഷണികള്‍. സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം സാധാരണ ജനങ്ങള്‍ക്ക് ഇല്ലാതാവുന്നതും സ്ഥാപനങ്ങള്‍ക്കും സമുദായ നേതൃത്വങ്ങള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതും വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളുടെ ഫലമായി ആള്‍ക്കൂട്ട അക്രമങ്ങള്‍ ഉണ്ടാകുന്നതും ഒട്ടേറെ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രത്യേകിച്ച്, വിവിധ ബിജെപി സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടുള്ള കരി നിയമമായ മതപരിവര്‍ത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നതുമൂലം ഒട്ടേറെ നിരപരാധികള്‍ കേസുകളില്‍ അകപ്പെടുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്.

തല്ലും തലോടലും ഒരുമിച്ച് പോകില്ല

വര്‍ധിച്ചു വരുന്ന വര്‍ഗീയ ധ്രുവീകരണവും തല്‍ഫലമായ പ്രതിസന്ധികളുമാണ് മറ്റൊന്ന്. സമാധാനാന്തരീക്ഷം പൂര്‍ണമായി നഷ്ടപ്പെട്ടുകഴിഞ്ഞ മണിപ്പൂര്‍ എന്ന സംസ്ഥാനം ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്നു. ഗോത്ര കലാപത്തിന്റെ മറ പിടിച്ച് ക്രൈസ്തവരെ ഉത്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് അസൂത്രിതമായി അവിടെ നടപ്പിലാക്കിയത്. കുപ്രസിദ്ധമായ ഗുജറാത്ത് കലാപം വീണ്ടും ചര്‍ച്ചകളില്‍ നിറയാന്‍ വഴിയൊരുക്കിയ ബില്‍ക്കിസ് ബാനു കേസ് സംഘപരിവാര്‍ സംഘടനകളുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നുണ്ട്.

സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങള്‍ പതിവായി ക്രൈസ്തവ, അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നത് ഇത്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഒരു പ്രധാന കാരണമായി മാറുന്നുണ്ട്. ഒരു വശത്ത് അന്യമതസ്ഥരുമായി സൗഹൃദത്തിലെത്താന്‍ ശ്രമം നടത്തുന്നതായി കാണുമ്പോഴും, മറുവശത്ത് ശത്രുതാപരമായ നീക്കങ്ങള്‍ അഭംഗുരം തുടരുന്നത് പച്ചയായ യാഥാര്‍ഥ്യമാണ്.

ആര്‍എസ്എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറില്‍ സമീപ നാളുകളില്‍ പോലും കടുത്ത ക്രൈസ്തവ വിദ്വേഷം ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി ക്രിസ്തുമസ് വിരുന്ന് ഒരുക്കുമ്പോള്‍ ഓര്‍ഗനൈസറില്‍ ക്രിസ്തുമസ് അവഹേളിക്കപ്പെടുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരി ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കവും വ്യത്യസ്തമല്ല. ഈ വൈരുദ്ധ്യങ്ങളൊന്നും തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഈ നാട്ടിലെ ജനങ്ങള്‍ എന്ന് ആരും കരുതേണ്ടതില്ല.

വര്‍ഗീയ വിഭജനങ്ങളും അതിക്രമങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നത് ഈ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള അതിക്രമങ്ങളും, വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭാഗമായുള്ള കലാപങ്ങളും പതിവാകുന്നത് അനേകരെ കടുത്ത അരക്ഷിതത്വത്തില്‍ എത്തിച്ചിരിക്കുന്നു. ഇവിടെ വ്യക്തമായ ഒരു വിശദീകരണം ഭരണകൂടങ്ങള്‍ സമൂഹത്തിന് നല്‍കേണ്ടതുണ്ട്.

എല്ലാവരെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇതര മത വിരോധവുമായി വ്യാപരിക്കുന്ന പ്രസ്ഥാനങ്ങളെയും ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുകയും ബഹുസ്വരതയെ അംഗീകരിക്കാനുള്ള തുറവി പ്രകടിപ്പിക്കുകയുമാണ്. അല്ലാത്തപക്ഷം വിരുന്നുകളും സന്ദര്‍ശനങ്ങളും വെറും പ്രഹസനമായി തന്നെ തുടരും. ഉപരിപ്ലവമായ സൗഹാര്‍ദ്ദ നീക്കങ്ങളല്ല, യഥാര്‍ത്ഥ പ്രതിസന്ധികള്‍ പരിഹരിച്ച് എല്ലാ പൗരന്മാര്‍ക്കും സമാധാനത്തോടെ ഈ രാജ്യത്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത് എന്നും ലേഖനം വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.