ഹമാസിന്റെ ഇസ്രയേല്‍ ആക്രമണം കഴിഞ്ഞിട്ട് 100 നാള്‍; ടെല്‍ അവീവില്‍ ഒത്തുചേര്‍ന്ന് ആയിരങ്ങള്‍

ഹമാസിന്റെ ഇസ്രയേല്‍ ആക്രമണം കഴിഞ്ഞിട്ട് 100 നാള്‍; ടെല്‍ അവീവില്‍ ഒത്തുചേര്‍ന്ന് ആയിരങ്ങള്‍

ടെല്‍ അവീവ്: ഇസ്രയേലിനെ നടുക്കി ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ നൂറാം നാള്‍ തലസ്ഥാനമായ ടെല്‍അവീവില്‍ ഒത്തു ചേര്‍ന്ന് ആയിരങ്ങള്‍. ഭീകരാക്രമണത്തില്‍ മരിച്ചവരുടെ അനുസ്മരണ ചടങ്ങില്‍ മരിച്ചവരുടെയും ഭീകരര്‍ ബന്ദികളാക്കിയവരുടെയും അടുത്ത ബന്ധുക്കളും ഉറ്റവരുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത്.

പ്രശസ്തമായ നോവ സംഗീത പരിപാടിക്കിടെയായിരുന്നു ഹമാസിന്റെ ഭീകരാക്രമണം. അപ്രതീക്ഷിത ആക്രമണത്തില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. 360 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹമാസ് തട്ടിക്കൊണ്ടു പോയവരെ പിന്നീട് പലപ്പോഴായി ഭീകരര്‍ കൊന്നുതള്ളി. അന്ന് ബന്ദികളായി പിടിച്ചുകൊണ്ടു പോയവരില്‍ 130 പേര്‍ ഇനിയും മോചിതരായിട്ടില്ല. ഇവര്‍ ജീവനോടെയുണ്ടോയെന്നും നിശ്ചയമില്ല.

ഭീകരാക്രമണത്തിന് പകരം ഇസ്രയേല്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 23000ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. ഇവരില്‍ കുട്ടികളും സാധാരണക്കാരും സ്ത്രീകളും ഉള്‍പ്പെടുന്നു.

ഹമാസ് തട്ടിക്കൊണ്ടു പോയവര്‍ക്ക് യഥാസമയം മരുന്ന് നല്‍കുന്നില്ലെന്നും റെഡ് ക്രോസിനെ പോലും ബന്ദികളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ട് പോയവരുടെ അവസ്ഥ എന്താണെന്ന് ഇനിയും ലഭ്യമല്ല.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ഭീകരാക്രമണത്തെ അപലപിച്ച പലരും ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തെ അനുകൂലിച്ചു. ഈ ഭീകരര്‍ക്ക് അന്ത്യം കുറിക്കേണ്ടത് സമയത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞ ചിലര്‍ എങ്ങനെയും ബന്ദികളെ മോചിപ്പിക്കുന്നതാണ് പ്രഥമമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചിലരുടെ അഭിപ്രായത്തില്‍ യുദ്ധം ശാശ്വതമായ പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് ബന്ദികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

ഗാസയില്‍ നിന്ന് ഹമാസ് ഭീകരരെ തുടച്ചുനീക്കാതെ യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേല്‍. ഗാസയും സമീപ പ്രദേശങ്ങളുമെല്ലാം ശക്തമായ ബോംബിംഗില്‍ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സ്‌കൂളുകളും ആശുപത്രികളുമെല്ലാം ശക്തമായ ബോംബിംഗില്‍ തകര്‍ന്നു കഴിഞ്ഞു.

സാധാരണക്കാരുടെ മരണത്തില്‍ ആശങ്ക രേഖപ്പെടുത്തിയ അമേരിക്കയും ബ്രിട്ടനും അടക്കം ലോകരാജ്യങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദം വര്‍ധിക്കുമ്പോഴും, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെ തുടച്ചുനീക്കാതെ യുദ്ധം നിര്‍ത്തില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.