കൊച്ചി : നാളെ കത്തോലിക്കാ സഭയിലെ മൂന്ന് കർദിനാളന്മാർ പ്രധാനമന്തിയുമായി കൂടിക്കാഴ്ച നടത്തുന്നു. സഭാ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കുന്നത് രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പൊളിച്ചെഴുത്തലുകൾക്കു ഇടയാകുമോ എന്ന് കാത്തിരിക്കുകയാണ് കേരളം .
ക്രൈസ്തവ സമൂഹത്തെ ഒപ്പം നിറുത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഭാഗമായാണ് പല നിരീക്ഷകരും ഈ നീക്കത്തെ അവലോകനം ചെയ്യുന്നത് . നോർത്ത് ഈസ്റ്റിലും ഗോവയിലും പ്രബലരായ കത്തോലിക്കാ സഭയെ കൂടെ നിർത്തിയതിന്റെ രാഷ്ട്രീയ ലാഭം ബി ജെ പിക്ക് ലഭിച്ചിരുന്നു. പരസ്യമായി ഒരു രാഷ്ട്രീയ നിലപാട് സഭ സാധാരണ സ്വീകരിക്കാറില്ലെങ്കിലും, സമീപനങ്ങളിലെ വ്യതിയാനങ്ങൾ ഒരു സൂചികയായി വിശ്വാസികൾ ഏറ്റെടുക്കുകയും അതനുസരിച്ച് അവർ പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇതിനൊരു തെളിവാണ്.
കേരളത്തിൽ മാറി മാറി ഭരിക്കുന്ന ഇരു മുന്നണികളുടെയും വർഗീയ നിലപാടുകളിൽ വിയോജിപ്പുള്ള ക്രൈസ്തവ സമൂഹം ഈ രണ്ട് മുന്നണികളെയും ഉപേക്ഷിച്ച് ബി ജെ പി യിലെത്തും എന്ന ശുഭ പ്രതീക്ഷയാണ് ബി ജെ പി യ്ക്കുള്ളത്. എന്നാൽ ഇന്ത്യയിലെ കത്തോലിക്കാ സഭാ നേതാക്കൾ അവരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുവാൻ ഉള്ള ഒരു അവസരമായിട്ടാണ് ഈ മീറ്റിംഗിനെ കാണുന്നത് .
ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭാരത സന്ദർശനം , ജെസ്യൂട്ട് വൈദീകൻ സ്റ്റാൻ സ്വാമിയുടെ മോചനം എന്നിവയൊക്കെ ചർച്ച ആകുമെങ്കിലും അതിലുപരി കേരള ക്രൈസ്തവർ ചർച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വിഷയങ്ങൾ സീറോ മലബാർ സഭാ തലവനും സീറോ മലങ്കര സഭാ തലവനും പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കുമെന്നാണ് പൊതുവെ കരുതുന്നത് .
കേരള ക്രൈസ്തവർ നേരിടുന്ന ന്യൂന പക്ഷ ക്ഷേമ പദ്ധതികളിലെ വിവേചനം തന്നെയാണ് അതിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നത്.2020 ഡിസംബർ 22 നു കേരള ഹൈക്കോടതി ന്യൂനപക്ഷ ക്ഷേമ വിവാദത്തിൽ കേന്ദ്ര- കേരള സർക്കാരുകളോട് രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകുവാൻ ആവശ്യപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങൾ മത പരിവർത്തനനിയമം ദുരുപയോഗം ചെയ്യപ്പെടുന്നതും ദളിത് ക്രൈസ്തവ ആനുകൂല്യങ്ങളുടെ നിഷേധം എന്നീ വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ അവർ ശ്രമിക്കുമെന്ന് കരുതപ്പെടുന്നു.യാക്കോബായ ,ഓർത്തോഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ സമവായത്തിനായി കേന്ദ്ര ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളിൽ കത്തോലിക്കാ സഭയുടെ പിന്തുണയും പ്രധാനമന്ത്രിയെ അറിയിക്കും.
രാഷ്ട്രീയ അടിയൊഴുക്കുകളുടെ പുനഃ ക്രമീകരണം തന്നെയാണ് ബിജെപി അജണ്ട. ക്രൈസ്തവ സഭകൾ നേരിടുന്ന വിവേചനങ്ങൾ തന്നെ ആയിരിക്കും കത്തോലിക്കാ സഭ കൂടിക്കാഴ്ചയിൽ ഉന്നയിക്കുന്ന വിഷയവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.