'കുയിലല്ല, കള്ളിപ്പൂങ്കുയില്‍; ആചാരവും വിളക്കും സ്വന്തം വീട്ടില്‍ നടപ്പിലാക്കിയാല്‍ മതി': ചിത്രക്കെതിരെ ഇന്ദു മേനോന്‍

'കുയിലല്ല, കള്ളിപ്പൂങ്കുയില്‍; ആചാരവും വിളക്കും സ്വന്തം വീട്ടില്‍  നടപ്പിലാക്കിയാല്‍ മതി': ചിത്രക്കെതിരെ ഇന്ദു മേനോന്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും നാമം ജപിക്കണമെന്ന പ്രശസ്ത പിന്നണി ഗായിക കെ.എസ് ചിത്രയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍.

കുയിലല്ല, ചിത്ര കള്ളിപ്പൂങ്കുയിലാണെന്നും ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടില്‍ അങ്ങ് നടപ്പിലാക്കിയാല്‍ മതിയെന്നും ഇന്ദു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇന്ദു മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

അമ്പലം കെട്ടുന്നതും പള്ളി പൊളിക്കുന്നതും ഒക്കെ പ്രത്യക്ഷത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഉള്ള വൈരത്തിന്റെ സൂചനകളാണ്. ആദ്യം അവിടെ അമ്പലമായിരുന്നു അപ്പോള്‍ അവിടെ അമ്പലമായിരിക്കുന്നതാണ് ശരി എന്നെല്ലാം വാദിക്കാം. അയ്യോ പാവം അവര്‍ക്ക് ഒരു അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ?

അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു. നമ്മള്‍ എന്തിനാണ് അതിനെ രാഷ്ട്രീയവല്‍ക്കരിച്ച് കാണുന്നത്? ചിത്രയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ഇഷ്ടമുള്ള പക്ഷത്ത് നില്‍ക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. മനുഷ്യഹത്യയും വംശീയോന്‍മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവല്‍ക്കരിക്കുന്നത് നിഷ്‌കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്.

എത്ര നിഷ്‌കളങ്കനായ മനുഷ്യനാണ്. നോക്കൂ ഹൃദയത്തില്‍ കത്തി കുത്തി ഇറക്കുമ്പോഴും നിനക്ക് വേദനിച്ചോ വേദനിപ്പിക്കാതെ കുത്താമേ, എന്നെല്ലാം പറയുന്നത്ര നിഷ്‌കളങ്കതയുള്ള ഒരുവള്‍ പാട്ടുകാരി ചിത്ര, ക്ലാസിക് കലകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീര്‍ത്തനങ്ങള്‍ പാടുകയും പദങ്ങള്‍ പഠിക്കുകയും ചെയ്യുമായിരിക്കും.

അതിനര്‍ത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നില്‍ക്കുക എന്നതല്ല. നിങ്ങള്‍ നിഷ്‌കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യര്‍ കൊല്ലപ്പെടുക തന്നെ ചെയ്യും.

മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങള്‍ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാന്‍ പോകുന്നില്ല. അഞ്ചല്ല അഞ്ച് ലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസില്‍ വെളിച്ചം നിറയാനും പോകുന്നില്ല.

കുയില്‍ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത് എന്നാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു. ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടില്‍ അങ്ങ് നടപ്പിലാക്കിയാല്‍ മതി.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയില്‍ പറയുന്നത്. 'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് എല്ലാവരും ഉച്ചയ്ക്ക് 12.20 ന് ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം.

അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം എന്നും ചിത്ര പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.