വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായുള്ള തിരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന് വിജയം. അയോവ കോക്കസില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ട്രംപ് വിജയിച്ചത്. നവംബറിലാണ് അമേരിക്കയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപിന്റെ വിജയം. നിരവധി കേസുകളില്‍ വിചാരണ തുടരുന്നതിനിടെയാണ് ട്രംപിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്. ട്രംപിന് 25,813 വോട്ടും ഡിസാന്റിസിന് 10,036 വോട്ടും നിക്കി ഹേലിക്ക് 9,387 വോട്ടുമാണ് ലഭിച്ചത്. വിവേക് രാമസ്വാമിക്ക് 3,805 വോട്ട് ലഭിച്ചു.
നിയമനടപടി നേരിടുന്നുണ്ടെങ്കിലും മധ്യപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ട്രംപിന് കടുത്ത പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നത്. സാമ്പത്തികവും, കുടിയേറ്റവുമാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന വിഷയമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്ന ആദ്യ സംസ്ഥാനമാണ് അയോവ. അയോവയില്‍ വിജയിച്ചെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ ട്രംപിനു മുന്നില്‍ ഇനിയും കടമ്പകളേറെയുണ്ട്. രാജ്യത്ത് ആകെയുള്ള ഡെലഗേറ്റുകളില്‍ 2 ശതമാനത്തില്‍ താഴെ മാത്രമാണ് അയോവയിലുള്ളത്. മറ്റിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും വിജയിക്കാനായാല്‍ മാത്രമേ ട്രംപിന് സ്ഥാനാര്‍ഥിയാവാന്‍ കഴിയൂ. ന്യൂ ഹാംപ്‌ഷെയര്‍, നെവാഡ, സൗത്ത് കരോലിന എന്നിവിടങ്ങളില്‍നിന്നുള്ള പിന്തുണ നിര്‍ണായകമാണ്.
ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി പിന്‍മാറി
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി പിന്‍മാറി. ഡൊണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. അയോവയില്‍ കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് 38കാരനായ വിവേക് മത്സര രംഗത്തുനിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.
വൈസ് പ്രസിഡന്റ് മത്സര സ്ഥാനത്തേക്ക് ട്രംപ് വിവേകിനെയും പരിഗണിച്ചേക്കും. പാലക്കാട് നിന്നുള്ള കുടിയേറ്റക്കാരുടെ മകനാണ് ശതകോടീശ്വരനായ വിവേക് രാമസ്വാമി.
കഴിഞ്ഞദിവസങ്ങളില്‍ ട്രംപില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ നേരിട്ട വിവേക് രാമസ്വാമിക്ക് ആറ് ശതമാനം വോട്ടാണ് നേടാനായത്. 99 കൗണ്ടുകളിലായി 1700 ഇടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ ഔദ്യോഗികപ്രക്രിയകള്‍ക്ക് ഇരുപത്തിമൂന്നിന് തുടക്കമിടും. ബൈഡന്‍ വീണ്ടും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.