ഇറാഖിലെ മൊസാദ് കേന്ദ്രം ആക്രമിച്ച് ഇറാന്‍; നാല് പേര്‍ കൊല്ലപ്പെട്ടു: അപലപിച്ച് അമേരിക്ക, ആശങ്കയേറുന്നു

ഇറാഖിലെ മൊസാദ് കേന്ദ്രം ആക്രമിച്ച് ഇറാന്‍; നാല് പേര്‍ കൊല്ലപ്പെട്ടു: അപലപിച്ച് അമേരിക്ക, ആശങ്കയേറുന്നു

ഗാസയില്‍ നിന്ന് പിന്‍മാറില്ല; ചൈനയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശം തള്ളി ഇസ്രയേല്‍.

ടെഹ്‌റാന്‍: ഇറാഖിലെ സ്വയം ഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദിന്റെ കേന്ദ്രം ആക്രമിച്ച് ഇറാന്‍. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുര്‍ദിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ പ്രമുഖ വ്യവസായി പെഷ്‌റോ ദിസായിയും ഉള്‍പ്പെടുന്നുവെന്ന് കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു. ഒന്നിലധികം സ്ഥലങ്ങളില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് മിസൈല്‍ ആക്രമണം നടത്തിയതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ അര്‍ബിലിലെ മൊസാദിന്റെ ആസ്ഥാനവും ഇറാനിയന്‍ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രവും ആക്രമണത്തില്‍ നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ആക്രമണങ്ങളെ അപലപിച്ച് അമേരിക്ക രംഗത്തെത്തി.

ഇറാഖിന്റെ സുസ്ഥിരതയെ തകര്‍ക്കുന്ന ഇറാന്റെ വിവേചന രഹിതമായ മിസൈല്‍ ആക്രമണങ്ങളെ എതിര്‍ക്കുന്നുവെന്ന് അമേരിക്ക പറഞ്ഞു. ഇറാന്‍ നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയില്‍ സ്ഥിതി കൂടുതല്‍ വഷളായി.

അതിനിടെ അന്തരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായാലും ഗാസയില്‍ നിന്നും പിന്മാറില്ലെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചു. ചൈനയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശം തള്ളിക്കൊണ്ടാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

വടക്കന്‍ ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പാലസ്തീന്‍കാരെ മടങ്ങാന്‍ ഉടന്‍ അനുവദിക്കില്ലെന്ന് നെതന്യാഹുവും ഇസ്രയേല്‍ സൈനിക മേധാവി ഹെര്‍സല്‍ ഹലേവിയും പറഞ്ഞു.

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ചൈന രംഗത്ത് എത്തിയിരുന്നു. ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം 100 ദിവസം എത്തിയപ്പോഴാണ് ചൈന ഈ ആവശ്യം മുന്നോട്ട് വെച്ചത്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര പാലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും ചൈന ആവശ്യമുന്നയിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.