ന്യൂഡല്‍ഹി: കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ 11 പ്രതികളും സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി തള്ളി. പ്രതികളെല്ലാം ഞായറാഴ്ച തന്നെ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരായി കീഴടങ്ങണമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കി.
കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഉന്നയിച്ച കാരണങ്ങളില്‍ കഴമ്പില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ബിവി നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.
ആരോഗ്യ പ്രശ്നങ്ങള്‍, കാര്‍ഷിക വിളവെടുപ്പ്, മകന്റെ വിവാഹം, പ്രായമായ മാതാപിതാക്കള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികള്‍ കീഴടങ്ങാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതൊന്നും കോടതി അംഗീകരിച്ചില്ല.
ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍.
ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയത്. പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, പ്രതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും വിധി പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനു ഉള്‍പ്പെടെ എട്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും ബില്‍ക്കിസ് ബാനുവിന്റെ മൂന്നര വയസുള്ള മകളടക്കം 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 11 പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഗോവിന്ദ് ഭായ് നായി, കേസര്‍ ഭായ് വൊഹാനിയ, ബകാ ഭായ് വൊഹാനിയ, ബിപിന്‍ ചന്ദ്ര ജോഷി, രാജുഭായ് സോണി, ജസ്വന്ത് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, രമേഷ് ചന്ദന, മിതേഷ് ഭട്ട്, പ്രദീപ് മോര്‍ദിയ, എന്നിവരാണ് കേസിലെ പ്രതികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.