സംസ്ഥാന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി പിന്‍വാതില്‍ ചര്‍ച്ച നടത്തി; അന്വേഷണ റിപ്പോര്‍ട്ട് വിവാദത്തില്‍

സംസ്ഥാന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി പിന്‍വാതില്‍ ചര്‍ച്ച നടത്തി; അന്വേഷണ റിപ്പോര്‍ട്ട് വിവാദത്തില്‍

ന്യൂഡല്‍ഹി: ഒന്നാം മോഡി സര്‍ക്കാര്‍ 2014-ല്‍ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാന ഫണ്ടുകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് വിവാദത്തില്‍ ആയിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്കുള്ള ധനവിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി ധനകാര്യ കമ്മിഷനുമായി പിന്‍വാതില്‍ ചര്‍ച്ചനടത്തിയെന്ന് നീതി ആയോഗ് സി.ഇ.ഒയും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ ബി.വി.ആര്‍ സുബ്രഹ്മണ്യം വെളിപ്പെടുത്തിയിരുന്നു. ഇതന് പിന്നാലെയാണ് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് പ്രോഗ്രസ് ഇന്ത്യയിലെ സാമ്പത്തിക റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച സെമിനാറിലായിരുന്നു ബി.വി.ആര്‍ സുബ്രഹ്മണ്യത്തിന്റെ തുറന്നു പറച്ചില്‍. സംസ്ഥാനങ്ങളുടെ വിഭവ ചൂഷണത്തിന് പ്രധാനമന്ത്രിയടക്കം ശ്രമിച്ചിരുന്നുവെന്ന് ഒരു ഉന്നതോദ്യോഗസ്ഥന്‍ പരസ്യമായി തുറന്നടിക്കുന്നത് ആദ്യമാണ്.

നീതി ആയോഗ് പ്രധാനമന്ത്രിയുടെ ആവശ്യത്തോട് വിയോജിച്ചതോടെ മോഡി സര്‍ക്കാരിന് ആദ്യ ബജറ്റ് 48 മണിക്കൂറിനകം പുനക്രമീകരിക്കേണ്ടി വന്നു. കേന്ദ്ര നികുതി വിഹിതങ്ങള്‍ നിലനിര്‍ത്താനായി വിവിധ ക്ഷേമ പരിപാടികള്‍ക്കുള്ള ഫണ്ടിങ് കേന്ദ്രത്തിന് വെട്ടിക്കുറയ്‌ക്കേണ്ടിയും വന്നു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം സംബന്ധിച്ച നീതി ആയോഗിന്റെ ശുപാര്‍ശകളെ സ്വാഗതം ചെയ്യുന്നുവെന്ന പാര്‍ലമെന്റിനകത്തെ മോഡിയുടെ അവകാശവാദം വ്യാജമായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിഹിതത്തിന്റെ ശുപാര്‍ശകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ രഹസ്യമായും അനൗദ്യോഗികമായും ചെയര്‍മാനുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്ന മറ്റൊരാള്‍ താനാണെന്ന് സുബ്രഹ്മണ്യം വെളിപ്പെടുത്തി. ഡോ. റെഡ്ഡിയും താനും പ്രധാനമന്ത്രിയും തമ്മില്‍ മാത്രമാണ് ചര്‍ച്ച നടന്നത്. രണ്ട് മണിക്കൂറോളം സംഭാഷണം നീങ്ങിയെങ്കിലും റെഡ്ഡി വഴങ്ങിയില്ല. ഒടുവില്‍ 42 ശതമാനം എന്ന നീതി ആയോഗ് ശുപാര്‍ശ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നുവെന്ന് അദേഹം വെളിപ്പെടുത്തുന്നു.

ഓരോ സംസ്ഥാനത്തെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 36,000 കോടി വകയിരുത്തുന്ന സ്ഥാനത്ത് ആ വര്‍ഷം വിഹിതം 18,000 കോടിയായി കുറച്ചെന്നും സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യ നീക്കം നടത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളം വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരിനെതിരേ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് വെളിപ്പെടുത്തലെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.