ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുളള ഡോര്‍ണിയന്‍ വിമാനം ഉപയോഗിക്കുന്നതിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പതിനാല് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വില്‍മിങ്ടണ്‍ സ്വദേശിയായ കുട്ടിയാണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച ഡോര്‍ണിയര്‍ വിമാനം മാലദ്വീപില്‍ എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നുണ്ട്. ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ ആണ്‍കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്‌കാഘാതം ഉണ്ടായി.
ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ 16 മണിക്കൂറിനുശേഷം വ്യാഴാഴ്ച രാവിലെയാണ് എയര്‍ ആംബുലന്‍സിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകന് മസ്തിഷ്‌കാഘാതം ഉണ്ടായ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്ക് മാലെയിലേക്ക് കൊണ്ടുപോകാന്‍ തങ്ങള്‍ ഐലന്‍ഡ് ഏവിയേഷനെ വിളിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് അവര്‍ ഫോണ്‍ എടുത്തതെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ അപേക്ഷ ലഭിച്ചയുടന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും അവസാന നിമിഷമുണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കല്‍ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു.
കുട്ടിയുടെ മരണത്തില്‍ ആശുപത്രിക്ക് പുറത്ത് വലിയ പ്രതിഷേധമാണ് നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സിന് അനുമതി ലഭിക്കാതിരുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റത് മുതല്‍ ഇന്ത്യയുമായി മാലദ്വീപ് അകല്‍ച്ചയിലാണ്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമര്‍ശിച്ചുള്ള മാലദ്വീപ് മന്ത്രിമാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.