ജീവനക്കാരുടെ പണിമുടക്ക്: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഒരു ദിവസത്തെ ശമ്പളം പിടിക്കും

ജീവനക്കാരുടെ പണിമുടക്ക്: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഒരു ദിവസത്തെ ശമ്പളം പിടിക്കും

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകള്‍ ബുധനാഴ്ച്ച നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണായി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ചീഫ് സെക്രട്ടറി ഡോ. വി. വേണു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പണിമുടക്ക് ദിവസത്തെ ശമ്പളം അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്ന് കുറക്കും. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും.

അനുമതിയില്ലാതെ ഹാജരാകാത്ത താല്‍കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ ജീവനക്കാരുടെ എണ്ണം അടക്കം അതാത് വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ആവശ്യസേവനങ്ങള്‍ തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.

ആറ് ഗഡു ഡിഎ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മിഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സര്‍വീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.