'ഇനി ഒരു പുതിയ തീരുമാനം എടുക്കില്ല, എല്ലാം ഉദ്യോഗസ്ഥര്‍ അറിയിക്കും'; ചിലര്‍ക്ക് തന്നെ ഉപദ്രവിക്കാന്‍ പ്രത്യേക താല്‍പര്യമെന്നും ഗണേഷ് കുമാര്‍

'ഇനി ഒരു പുതിയ തീരുമാനം എടുക്കില്ല, എല്ലാം ഉദ്യോഗസ്ഥര്‍ അറിയിക്കും'; ചിലര്‍ക്ക് തന്നെ ഉപദ്രവിക്കാന്‍ പ്രത്യേക താല്‍പര്യമെന്നും ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസിന്റെ വരുമാന വിവരങ്ങള്‍ ചോര്‍ന്നതില്‍ അതൃപ്തി അറിയിച്ച് മന്ത്രി ഗണേഷ് കുമാര്‍. ഇനി കണക്ക് പറയാനും തീരുമാനം എടുക്കാനും താനില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തന്നെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. തന്നെ ഉപദ്രവിക്കാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഇനി ഒരു പുതിയ തീരുമാനം എടുക്കില്ല. എല്ലാം ഉദ്യോഗസ്ഥന്മാര്‍ അറിയിക്കും. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ ഇ ബസ് സര്‍വീസുകള്‍ നഷ്ടമാണെന്ന മന്ത്രിയുടെ വാദത്തിന് വിരുദ്ധമായ കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇന്നലെ കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ റിപ്പോര്‍ട്ട് ചോര്‍ന്ന വിവരം പരാമര്‍ശിച്ച മന്ത്രി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കി. റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

ഇ-ബസുകളുടെ കളക്ഷനടക്കമുള്ള റിപ്പോര്‍ട്ട് മന്ത്രി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിരുന്നു. സിഎംഡി ബിജു പ്രഭാകര്‍ വിദേശത്തേക്ക് പോയതിനാല്‍ ജോയിന്റ് എംഡിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പാണ് വിവരങ്ങള്‍ പുറത്തുവന്നത്.

കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തായത്. ഇ-ബസുകളുമായി ബന്ധപ്പെട്ട് മന്ത്രി സ്വീകരിച്ച നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, വി.കെ പ്രശാന്ത് എംഎല്‍എ, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. അതിനിടെ റിപ്പോര്‍ട്ട് പുറത്തായത് മന്ത്രിയെ ചൊടിപ്പിച്ചെന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.