'കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണം'; ഓസ്‌ട്രേലിയന്‍ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രാഷ്ട്രീയം വിടുന്നു: ഇനി കോർപറേറ്റ് മേഖലയിൽ

 'കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണം'; ഓസ്‌ട്രേലിയന്‍ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രാഷ്ട്രീയം വിടുന്നു: ഇനി കോർപറേറ്റ് മേഖലയിൽ

കാന്‍ബറ: പതിനാറു വര്‍ഷം പാര്‍ലമെന്റില്‍ സജീവ സാന്നിധ്യമായിരുന്ന ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രിയും ലിബറല്‍ പാര്‍ട്ടി നേതാവുമായ സ്‌കോട്ട് മോറിസണ്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും കോര്‍പ്പറേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്നതിനുമാണ് രാഷ്ട്രീയം വിടുന്നതെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ 56കാരനായ സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമെന്നാണ് പ്രഖ്യാപനം.

'ആഗോള കോര്‍പ്പറേറ്റ് മേഖലയില്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും താന്‍ തീരുമാനിച്ചതായി പ്രസ്താവനയില്‍ മോറിസണ്‍ പറയുന്നു. ഈ പ്രഖ്യാപനത്തോടെ സ്‌കോട്ട് മോറിസണ്‍ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് മണ്ഡലമായ കുക്കില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങി.

ഉറച്ച ക്രിസ്ത്യന്‍ വിശ്വാസി എന്ന നിലയില്‍ സഭാ കാര്യങ്ങളില്‍ കൂടുതല്‍ സജീവമായിരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നതായി എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

പ്രതിരോധം, പ്രതിരോധ സ്റ്റാര്‍ട്ടപ്പുകളുടെ ധനസഹായം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ബോര്‍ഡുകളിലും ഉപദേശക റോളുകളില്‍ പ്രവര്‍ത്തിക്കാനാണ് മുന്‍ പ്രധാനമന്ത്രിയുടെ തീരുമാനം. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ ചേരാനും ലക്ഷ്യമിടുന്നു.

അതേസമയം, പുതിയ ചുമതലകളുമായി ഓസ്ട്രേലിയയില്‍ തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും മോറിസണ്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. 'കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം പങ്കിടാനും ഹൊറൈസണിലെ തന്റെ ഇടവക സമൂഹത്തിനൊപ്പമുള്ള പ്രാദേശിക ജീവിതം ആസ്വദിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കോട്ട് മോറിസന്റെ ഭാവി പദ്ധതികളെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്റെ പ്രതിനിധിയായ ഷാഡോ ട്രഷറര്‍ ആംഗസ് ടെയ്ലര്‍ പറഞ്ഞു. എന്നിരുന്നാലും ആണവോര്‍ജ അന്തര്‍വാഹിനികള്‍ ഓസ്‌ട്രേലിയ്ക്കു സ്വന്തമാക്കാനുള്ള ഓകസ് കരാറിന്റെ ഭാഗമായത് മോറിസന്റെ വലിയ നേട്ടമാണെന്ന് ടെയ്ലര്‍ പ്രശംസിച്ചു; കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വം, ആദായനികുതി പരിഷ്‌കരണം എന്നിവയൊക്കെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നേട്ടങ്ങളാണ്.
പ്രധാനമന്ത്രി പദത്തിലിരിക്കെ ഇന്ത്യയുടെ അടുത്ത സുഹൃത്തുമായിരുന്നു സ്‌കോട്ട് മോറിസണ്‍.

ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സഖ്യത്തിനു പുറമേ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഒപ്പുവെച്ച വിപുലമായ വ്യാപാരക്കരാര്‍ സ്‌കോട്ട് മോറിസന്റെ ഭരണകാലത്താണ് ഉണ്ടായത്.

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ സ്‌കോട്ട് മോറിസണ്‍ ധനമന്ത്രിയായും ആരോഗ്യമന്ത്രിയായും രഹസ്യമായി സത്യപ്രതിജ്ഞ ചെയ്തത് വലിയ വിവാദത്തിനു കാരണമായി. കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണത്തിന് ആഹ്വാനം ചെയ്തത് ചൈനയുമായി വ്യാപാര തര്‍ക്കത്തിനും വര്‍ഷങ്ങളോളം നീണ്ട നയതന്ത്ര മരവിപ്പിക്കലിനും കാരണമായി.

ലിബറല്‍ പാര്‍ട്ടി നേതാവായ സ്‌കോട്ട് മോറിസണ്‍ ഓസ്ട്രേലിയയുടെ 30-ാമത് പ്രധാനമന്ത്രിയായി 2018 മുതല്‍ 2022 വരെ സേവനമനുഷ്ഠിച്ചു. 2022-ല്‍ നടന്ന ഓസ്‌ട്രേലിയിലെ ദേശീയ തെരഞ്ഞെടുപ്പില്‍ സ്‌കോട്ട് മോറിസന്റെ ലിബറല്‍-നാഷണല്‍ സഖ്യകക്ഷി ലേബര്‍ പാര്‍ട്ടിയോട് തോറ്റതോടെ പ്രധാനമന്ത്രി പദത്തില്‍നിന്ന് ഒഴിയേണ്ടി വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26