അതിശൈത്യത്തിലും മൂടല്‍മഞ്ഞിലും തണുത്തുവിറച്ച് നോര്‍ത്ത് ഇന്ത്യ; യാത്രാവിമാനങ്ങളും ട്രെയിന്‍ഗതാഗതവും താമസിക്കുന്നു

അതിശൈത്യത്തിലും മൂടല്‍മഞ്ഞിലും തണുത്തുവിറച്ച് നോര്‍ത്ത് ഇന്ത്യ; യാത്രാവിമാനങ്ങളും ട്രെയിന്‍ഗതാഗതവും താമസിക്കുന്നു

ഡല്‍ഹി: അതിശൈത്യത്തിലും കനത്ത മൂടല്‍മഞ്ഞിലും തണുത്തുറഞ്ഞ് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. 6.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഏറ്റവും കുറഞ്ഞ താപനിലയായി ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ജനുവരി 27 വരെ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സഫ്ദര്‍ജംഗ്, പാളം, അയ്‌നഗര്‍ എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ജനജീവിതത്തെ സാരമായി ബാധിച്ചു. ഈ വര്‍ഷം ജനുവരിയില്‍ ഇതുവരെ മാത്രം അഞ്ച് അതിശൈത്യ ദിവസങ്ങളും അഞ്ച് അതിശക്തമായ തണുത്ത കാറ്റിന്റെ ദിവസങ്ങളുമാണ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അതിശൈത്യ ദിനങ്ങളും കനത്ത മൂടല്‍മഞ്ഞും രേഖപ്പെടുത്തുന്നത്.

കുറഞ്ഞ താപനില നാലു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെത്തുമ്പോഴാണ് അതിശൈത്യം രേഖപ്പെടുത്തുന്നത്. പരന്ന പ്രദേശങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെത്തുമ്പോഴും അതിശൈത്യ ദിനമായി കണക്കാക്കാറുണ്ട്.

വ്യോമ-ട്രെയിന്‍ ഗതാഗതം ഭാഗികമായി നിലച്ചു

കനത്ത മൂടല്‍മഞ്ഞ് വ്യോമ-ട്രെയിന്‍ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചു. മിക്ക വിമാനങ്ങളും വൈകിയാണ് യാത്ര പുറപ്പെട്ടത്. ഏഴോളം വിമാനങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്തു. 28 ട്രെയിനുകളും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

തണുത്തുറഞ്ഞ് രാജസ്ഥാനും മറ്റ് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളും

ഡല്‍ഹിക്കു പുറമെ രാജസ്ഥാനിലും കഴിഞ്ഞ ദിവസം അതിശൈത്യം രേഖപ്പെടുത്തി. 2.5 ആണ് രാജസ്ഥാനില്‍ രേഖപ്പെടുത്തിയ താഴ്ന്ന താപനില. വരും ദിവസങ്ങളിലും രാജസ്ഥാനില്‍ അതിശൈത്യവും സമാന കാലാവസ്ഥയും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ചത്തിസ്ഗഢ്, ബിഹാര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും അതിശൈത്യം പ്രവചിച്ചിട്ടുണ്ട്. ജനുവരി 27 വരെ ഈ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുമെന്നാണ് പ്രവചനം.

കാഴ്ച മറയ്ക്കും വിധമാണ് അതിരൂക്ഷമായ മൂടല്‍മഞ്ഞ്. ഡല്‍ഹിയിലും ജമ്മുവിലും 500 മീറ്ററാണ് കാഴ്ച പരിധിയെങ്കില്‍ പഞ്ചാബിലെ പാട്യാലയില്‍ ഇത് 50 മീറ്റര്‍ മാത്രമാണ്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലും 50 മീറ്ററാണ് കാഴ്ചപരിധി. വാരണസിയിലാകട്ടെ ഇത് 25 മീറ്ററും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.