കൊളംബോ: ശ്രീലങ്കയില്‍ 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ട 273 പേരെയും രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ശ്രീലങ്കന്‍ കത്തോലിക്കാ സഭ ആരംഭിക്കും. ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടപടികള്‍ ആരംഭിക്കുന്നതെന്നു കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ഇരകള്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ ത്യജിക്കുകയായിരുന്നുവെന്നു കര്‍ദിനാള്‍ രഞ്ജിത്ത് പറഞ്ഞു.
ഒരു വ്യക്തിയുടെ ജീവത്യാഗം കഴിഞ്ഞ് 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ നാമകരണം ആരംഭിക്കാന്‍ കഴിയൂ. അതിനാല്‍, വരുന്ന ഈ വര്‍ഷം ഏപ്രില്‍ 21ന് ഇരകളെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് പ്രവേശിക്കുമെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. ദേവാലയങ്ങളില്‍ മരിച്ചവര്‍ തങ്ങള്‍ വിശ്വസിച്ചതിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയായിരിന്നു. ക്രിസ്തുവില്‍ വിശ്വസിച്ചതിനാലാണ് അവര്‍ പള്ളിയില്‍ വന്നത്. ഇരകള്‍ക്ക് നീതി തേടി കഴിഞ്ഞ 5 വര്‍ഷമായി പോരാട്ടത്തിലായിരുന്നു. ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു. അന്നു നടന്ന സ്ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 11 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. വര്‍ഷം അഞ്ചു കഴിഞ്ഞെങ്കിലും കേസ് ഇനിയും എവിടേയും എത്തിയിട്ടില്ല.
ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടും ഭീകരാക്രമണം തടയാന്‍ അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.