രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വിശിഷ്ടാതിഥി

രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; ഫ്രഞ്ച് പ്രസിഡന്റ്  ഇമ്മാനുവല്‍ മക്രോണ്‍ വിശിഷ്ടാതിഥി

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡല്‍ഹി കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കാന്‍ 77,000 പേരോളം എത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ റിപ്പബ്ലിക് ദിനത്തിനായി ഡല്‍ഹിയില്‍ വന്‍ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുഖ്യാതിഥി ആകുന്ന ചടങ്ങിലേക്ക് വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് നടപ്പാക്കുന്ന ട്രാഫിക് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഡല്‍ഹി പൊലീസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നഗരത്തിലെ ഗതാഗത നിയന്ത്രണം ലഘൂകരിക്കാന്‍ കഴിയുമെന്നാണ് ഡല്‍ഹി പൊലീസ് കരുതുന്നത്. ഡല്‍ഹി പൊലീസിന് പുറമെ സൈനിക അര്‍ധ സൈനിക വിഭാഗങ്ങളെയും ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടന ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ പറഞ്ഞത് 'ഭരണഘടന കേവലം നിയമജ്ഞരുടെ പ്രമാണമല്ല. അത് ജീവന്റെ ആധാരദ്രവ്യമാണ്, അതിന്റെ ആത്മാവ് എല്ലായ്പ്പോഴും യുഗ ചൈതന്യമാണ്' എന്നാണ്. അങ്ങനെയുള്ളയൊരു ഭരണഘടന അംഗീകരിച്ചതിന്റെ ഓര്‍മ്മ പേറിയാണ് രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവുമൊക്കെ തുറന്നുകാട്ടുന്ന ഒരുപാട് ടാബ്ലോകള്‍ ഈ റിപ്പബ്ലിക് ദിനത്തിലുണ്ടാകും. രാജ്യ പുരോഗതിയുടെയും നേട്ടങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്ന ദൃശ്യാവിഷ്‌കാരങ്ങള്‍. ഒപ്പം കര, നാവിക, വ്യോമസേനകളുടെ കരുത്തറിയിക്കുന്ന എയര്‍ഷോകളും റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ചു നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.