നാരീശക്തി വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്; 80 ശതമാനവും വനിതകള്‍, ചരിത്രത്തില്‍ ആദ്യം: രാജ്യം ആഘോഷ നിറവില്‍

നാരീശക്തി വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്; 80 ശതമാനവും വനിതകള്‍, ചരിത്രത്തില്‍ ആദ്യം: രാജ്യം ആഘോഷ നിറവില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശക്തിയും നാരീശക്തിയും വിളിച്ചോതി എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷം. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇന്ത്യയുടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.

ഇത്തവണ പരേഡില്‍ പങ്കെടുക്കുന്നവരില്‍ 80 ശതമാനവും വനിതകളാണ്. ആദ്യമായാണ് പരേഡില്‍ മുഴുവന്‍ വനിതകളും ഉള്‍പ്പെട്ട ട്രൈ സര്‍വീസ് സംഘം പങ്കെടുക്കുന്നത്. പതിനഞ്ച് വനിതാ പൈലറ്റുമാര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഫ്ളൈ പാസ്റ്റിന്റെ ഭാഗമായി.

കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) സംഘത്തിലും വനിതാ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പരമ്പരാഗത സൈനിക ബാന്‍ഡുകള്‍ക്ക് പകരം ആദ്യമായി ഇന്ത്യന്‍ സംഗീതോപകരണങ്ങളായ ശംഖ്, നാദസ്വരം, നാഗദ എന്നിവ വായിച്ച് നൂറിലധികം വനിതാ കലാകാരികളാണ് പരേഡ് വിളംബരം ചെയ്തത്.

ഡല്‍ഹി പൊലീസ് സംഘത്തെ മലയാളിയും നോര്‍ത്ത് ഡല്‍ഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതനാണ് നയിച്ചത്. സിആര്‍പിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയില്‍ നിന്നുള്ള വനിതാ സേനാംഗങ്ങള്‍ ബൈക്ക് അഭ്യാസ പ്രകടനങ്ങളുമായി കാണികളെ വിസ്മയിപ്പിച്ചു.


മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ സംവിധാനങ്ങള്‍, വാഹനങ്ങളില്‍ ഘടിപ്പിച്ച മോര്‍ട്ടാറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള തദ്ദേശീയ സൈനിക ഹാര്‍ഡ് വെയറുകള്‍ സായുധ സേന പ്രദര്‍ശിപ്പിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിച്ച് ഫ്രഞ്ച് സായുധ സേനയുടെ ഒരു സംയുക്ത ബാന്‍ഡും മാര്‍ച്ചിങ് സംഘവും പരേഡില്‍ ചേര്‍ന്നു.

ഇതിന് പുറമെ ഫ്രാന്‍സിന്റെ രണ്ട് റഫാല്‍ യുദ്ധ വിമാനങ്ങളും ട്രാന്‍സ്പോര്‍ട്ട് വിമാനവും ഫ്ളൈ പാസ്റ്റ് നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പതിനാറ് ടാബ്ലോകളും കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നുമുള്ള ഒമ്പത് ടാബ്ലോകളും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നു.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും വിശിഷ്ടാതിഥിയായ ഇമ്മാനുവല്‍ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പരേഡിന് നേരിട്ട് സാക്ഷ്യം വഹിച്ചു. യുദ്ധ സ്മാരകത്തിലെത്തി പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് മോഡി കര്‍ത്തവ്യ പഥില്‍ എത്തിയത്. പരിപാടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ തലസ്ഥാന നഗരിയില്‍ 70,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.