ബന്ദികളെ കൈമാറുമെന്ന് ഹമാസ്; ഗാസയിലെ ഏറ്റുമുട്ടല്‍ ഇസ്രയേല്‍ രണ്ട് മാസത്തേക്ക് നിര്‍ത്തിയേക്കും: കരാര്‍ ഉടന്‍

 ബന്ദികളെ കൈമാറുമെന്ന് ഹമാസ്; ഗാസയിലെ ഏറ്റുമുട്ടല്‍ ഇസ്രയേല്‍ രണ്ട് മാസത്തേക്ക് നിര്‍ത്തിയേക്കും: കരാര്‍ ഉടന്‍

വാഷിങ്ടണ്‍: ഗാസയില്‍ ഹമാസുമായുളള ഏറ്റുമുട്ടല്‍ ഇസ്രയേല്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സൂചന. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം രണ്ട് മാസത്തേക്ക് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ഏറ്റുമുട്ടല്‍ നിര്‍ത്തിവെക്കും. ഇതിന് പകരമായി 100 ബന്ദികളെ ഹമാസ് മോചിപ്പിക്കും.

അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇസ്രയേലിന്റെയും ഹമാസിന്റെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് കരാറിന്റെ പ്രാഥമിക ചട്ടക്കൂട് പത്ത് ദിവസം മുമ്പേ തയാറാക്കിയിരുന്നു. ഇതുസംബന്ധിച്ച് ഞായറാഴ്ച പാരീസില്‍ വിശദമായ ചര്‍ച്ച നടക്കും. അതിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

ഹമാസുമായുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ടെലിഫോണിലൂടെ സംസാരിച്ചിരിന്നു. ഇതിന് പുറമേ ഞായറാഴ്ച പാരീസില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാനായി സി.ഐ.എ ഡയറക്ടര്‍ വില്യം ജെ ബൂണ്‍സിനേയും ബൈഡന്‍ അയച്ചിട്ടുണ്ട്.

ഇസ്രയേല്‍, ഈജിപ്റ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി ബൂണ്‍സ് ചര്‍ച്ച നടത്തും. ഈ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായാല്‍ മിഡില്‍ ഈസ്റ്റ് കോ ഓഡിനേറ്റര്‍ ബ്രെറ്റ് മക്ഗുര്‍കിനെ അയച്ച് അന്തിമ കരാറിന് രൂപം നല്‍കാനാണ് യു.എസ് പ്രസിഡന്റിന്റെ പദ്ധതി. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനൊപ്പം ഗാസക്ക് ആവശ്യമായ സഹായം നല്‍കുകയുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം പാലസ്തീന് സഹായമെത്തിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസും യു.കെയും നിര്‍ത്തി. യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ പാലസ്തീന്(UNRWA) നല്‍കുന്ന ഫണ്ടാണ് നിര്‍ത്തിയത്. ജര്‍മ്മനി, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും ധനസഹായം നിര്‍ത്തി. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ ചില യു.എന്‍.ആര്‍.ഡബ്ല്യു.എ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ധനസഹായം നിര്‍ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.