നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി: കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി: കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്

അമ്മാതിരി വര്‍ത്തമാനമൊന്നും ഇങ്ങോട്ടു വേണ്ടെന്ന് മുഖ്യമന്ത്രി.
ഇമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ടും വേണ്ടെന്ന് പ്രതിപക്ഷ നേതാവ്.

തിരുവനന്തപുരം: മാര്‍ച്ച് 20 വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനം. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് തന്നെ അവതരിപ്പിക്കും.

ഫെബ്രുവരി 12 മുതല്‍ 15 വരെ ബജറ്റിന്മേല്‍ ചര്‍ച്ച നടക്കും. ഇടത് മുന്നണിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബജറ്റിന് ശേഷം സമ്മേളനത്തില്‍ ഇടവേള വരുന്നത്. സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ച കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക്പോര് നടന്നു.

സമരാഗ്നി എന്ന പേരില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രക്ഷോഭ യാത്ര കണക്കിലെടുത്ത് സമ്മേളന തിയതികളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബജറ്റ് രണ്ടാം തിയതിയിലേക്കും ബജറ്റിന്മേലുള്ള ചര്‍ച്ച അഞ്ച് മുതല്‍ എട്ട് വരെയുള്ള തിയതികളിലേക്ക് മാറ്റണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. രാഷ്ട്രീയ പരിപാടികള്‍ക്കായി സഭാ സമ്മേളനത്തില്‍ മാറ്റം വരുത്താറുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ അതിന് വഴങ്ങിയില്ല.

സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിങ്ങളും നല്ല സഹകരണമാണല്ലോ. അമ്മാതിരി വര്‍ത്തമാനമൊന്നും ഇങ്ങോട്ടു വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ടും വേണ്ടെന്ന് പ്രതിപക്ഷ നേതാവും മറുപടി നല്‍കി. കാര്യോപദേശക സമിതി യോഗത്തില്‍ നിന്നും പിന്നീട് പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.