അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ നടന്ന കൊലയില്‍ ചരിത്ര വിധി: 15 പ്രതികള്‍ക്കും വധശിക്ഷ സംസ്ഥാനത്ത് ആദ്യം

അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ നടന്ന കൊലയില്‍ ചരിത്ര വിധി: 15 പ്രതികള്‍ക്കും വധശിക്ഷ സംസ്ഥാനത്ത്  ആദ്യം

കൊച്ചി: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസ് കൊലപാതക കേസില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ശിക്ഷാ വിധിയാണ് കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്.

പ്രതികളെല്ലാം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. പ്രതികള്‍ ഒരു വിധത്തിലുള്ള ദാക്ഷണ്യവും അര്‍ഹിക്കുന്നില്ലെന്ന് കോടതി ശിക്ഷാവിധിയില്‍ വ്യക്തമാക്കിയിരുന്നു. ശിക്ഷാവിധി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ് നിയമ വിദഗ്ധരും പറയുന്നത്.

അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു അതിക്രൂരമായ രീതിയില്‍ രഞ്ജീത് വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇതാണ് പ്രതികള്‍ക്കെല്ലാം കടുത്ത ശിക്ഷ വിധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചതും. സംഭവത്തിന് തലേ ദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.

ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഈ കൊലപാതകവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാത്ത രഞ്ജിത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് മനസാക്ഷിയില്ലാത്ത പ്രവര്‍ത്തിയാണെന്നാണ് കോടതി വിലയിരുത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

2021 ഡിസംബര്‍ 19 ന്  രഞ്ജിത്  ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. അതേസമയം കേസിലെ പത്താം പ്രതി മുല്ലയ്ക്കല്‍ വട്ടക്കാട്ടുശേരി നവാസ് പക്ഷാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിധി പ്രസ്താവത്തിന് മുന്നോടിയായി പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു.

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് വീട്ടില്‍ മുഹമ്മദ് അസ്ലം, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ വീട്ടില്‍ അനൂപ്, അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മുല്ലയ്ക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ്, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്, മുല്ലയ്ക്കല്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, നോര്‍ത്ത് ആര്യാട് കണ്ണറുകാട് വീട്ടില്‍ നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജി എന്നിവരാണ് പ്രതികള്‍.

വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യം നിരസിച്ചു. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

വയലാര്‍ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാല്‍ പകരം ഒരാളെ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

മണ്ണഞ്ചേരിയില്‍ ഷാന്‍ കൊല്ലപ്പെട്ട് 2021 ഡിസംബര്‍ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന നടന്നത്. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാന്‍ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രതികള്‍ വീണ്ടും ഒത്തുകൂടിയെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.

അര്‍ധരാത്രി രഞ്ജിത്  ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് തിരികെ മടങ്ങി. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ആറിന് വീട്ടിലെത്തിയ പ്രതികള്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ആക്രമിക്കുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കൊലക്കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.