ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച ആം ആദ്മി പാര്‍ട്ടിയുടെ കുല്‍ദീപ് കുമാറിനെ ബിജെപിയുടെ മനോജ് സാങ്കര്‍ പരാജയപ്പെടുത്തി.
ഇന്ത്യ ബ്ലോക്കും ബിജെപിയും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടന്നത്. 35 അംഗ ചണ്ഡീഗഡ് കോര്‍പറേഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 16 വോട്ടുകള്‍ നേടിയാണ് മനോജ് സാങ്കര്‍ വിജയിച്ചത്. കുല്‍ദീപ് കുമാറിന് 12 വോട്ടുകള്‍ ലഭിച്ചു. എട്ട് വോട്ടുകള്‍ അസാധുവായി.
എട്ട് വോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തില്‍ എഎപി-കോണ്‍ഗ്രസ് പ്രതിഷേധിച്ചതോടെ സഭയില്‍ ബഹളമുണ്ടായി. വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിനെതിരെ എഎപി-കോണ്‍ഗ്രസ് സഖ്യം ഹരിയാന ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ് ഇന്ത്യസഖ്യത്തിന്റെ അഗ്‌നി പരീക്ഷണമായാണ് കണക്കാക്കപ്പെട്ടിരുന്നത്. കോണ്‍ഗ്രസും എഎപിയും സംയുക്തമായാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. കുല്‍ദീപിനെ മേയര്‍ സ്ഥാനാര്‍ഥിയായി എഎപി നിര്‍ത്തിയപ്പോള്‍ സീനിയര്‍ ഡപ്യൂട്ടി മേയര്‍, ഡപ്യൂട്ടി മേയര്‍ പദവികളിലേക്ക് കോണ്‍ഗ്രസാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
തിരഞ്ഞെടുപ്പില്‍ 35 ല്‍ 14 സീറ്റും ബിജെപി നേടിയപ്പോള്‍ എഎപിക്ക് 13 കൗണ്‍സിലര്‍മാരുണ്ടായിരുന്നു. കോണ്‍ഗ്രസിന് ഏഴ് പ്രതിനിധികളും ശിരോമണി അകാലിദലിന് ഒരംഗവും ഉണ്ടായിരുന്നു.
അംഗബലം നോക്കുമ്പോള്‍ ഇന്ത്യ സഖ്യം അനായാസം ജയിക്കേണ്ടതായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി എന്തും ചെയ്യുമെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസര്‍ അനില്‍ മസീഹ് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. വോട്ടെണ്ണുമ്പോള്‍ പ്രിസൈഡിങ് ഓഫിസര്‍ ചില അടയാളങ്ങളിട്ട് കൃത്രിമം നടത്തിയെന്ന് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിച്ചു. ഇത് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ്.
ജനുവരി 18 ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫിസറുടെ അസുഖം പറഞ്ഞ് അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. വിഷയത്തില്‍ ഇടപെട്ട പഞ്ചാബ്-ഹരിയാന ഹൈക്കോടതി തിരഞ്ഞെടുപ്പ് ജനുവരി 30 ന് മുമ്പ് നടത്തണമെന്ന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26