സോണിയ ഗാന്ധിയെ രാജ്യസഭ വഴി പാര്‍ലമെന്റിലെത്തിക്കാന്‍ ശ്രമം; റായ്ബലേറിയില്‍ പ്രിയങ്ക വരുമോ?

സോണിയ ഗാന്ധിയെ രാജ്യസഭ വഴി പാര്‍ലമെന്റിലെത്തിക്കാന്‍ ശ്രമം; റായ്ബലേറിയില്‍ പ്രിയങ്ക വരുമോ?

ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിന്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി വിട്ടു നിന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ സോണിയയെ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ സജീവം.

കോണ്‍ഗ്രസ് ഭരണത്തിലുള്ള ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയെ രാജ്യസഭയിലെത്തിക്കാനാണ് ശ്രമം. എന്നാല്‍ സോണിയ ഈ നീക്കങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സോണിയ ഗാന്ധി രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ നിലവില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ഉത്തര്‍പ്രദേശിലെ റായ്ബലേറി മണ്ഡലത്തില്‍ നിന്ന് പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും പറയുന്നു. അതേസമയം രാജ്യസഭയിലേക്കും സോണിയ ഗാന്ധി താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ പ്രിയങ്കയെ രാജ്യസഭയിലെത്തിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ സ്ഥിതി മറിച്ചാണ്. സംസ്ഥാനത്തെ മിക്ക സീറ്റുകളും കോണ്‍ഗ്രസ് തൂത്തു വാരിയ സാഹചര്യം മാറി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് ജയിച്ചത്. റായ്ബലേറിയില്‍ സോണിയ ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയും. എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് തോറ്റതോടെ സോണിയ ജയിച്ച റായ്ബലേറി മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങി.

അതിനിടെ സോണിയ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. നേരത്തേ തെലുങ്കാന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ തങ്ങളുടെ സംസ്ഥാനത്ത് നിന്നും മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തെലുങ്കാനയിലെ ഖമാമില്‍ നിന്നും സോണിയ മത്സരിക്കണമെന്നാണ് അവരുടെ ആവശ്യം.

രാഹുല്‍ ഗാന്ധി അമേഠിയില്‍ വീണ്ടും മല്‍സരിക്കണം എന്ന് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. അദേഹം അതിന് തയ്യാറായാല്‍ പോലും വയനാട് മണ്ഡലം ഒഴിവാക്കാനിടയില്ല. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം വയനാട് സുരക്ഷിത മണ്ഡലമാണ്. രാഹുല്‍ മല്‍സരിച്ചില്ലെങ്കില്‍ വയനാട് മണ്ഡലം മുസ്ലിം ലീഗ് ആവശ്യപ്പെടാനും സാധ്യതയുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.