കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപ; വന്ദേ ഭാരത് സ്ലീപ്പര്‍ ഉടന്‍

കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപ; വന്ദേ ഭാരത് സ്ലീപ്പര്‍ ഉടന്‍

ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ വികസനത്തിന് ബജറ്റില്‍ 2744 കോടി രൂപ അനുവദിച്ചെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തെ അപേക്ഷിച്ച് ഏഴ് മടങ്ങ് അധിക വിഹിതമാണ് കേരളത്തിലെ റെയില്‍വേ വികസനത്തിനായി വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ 92 മേല്‍പ്പാലങ്ങളും അണ്ടര്‍ പാസുകളും നിര്‍മ്മിച്ചു. ഇക്കാലയളവില്‍ 34 ഫുട്ട് ഓവര്‍ ബ്രിഡ്ജുകളും 48 ലിഫ്റ്റുകളുമാണ് പണിതത്. ട്രെയിന്‍ വേഗം കൂട്ടുന്നതിന് വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പദ്ധതി രേഖ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

വളവുകള്‍ നിവര്‍ത്തിയാല്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ വന്ദേഭാരതിന് സഞ്ചരിക്കാന്‍ സാധിക്കും. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. കേരളത്തില്‍ റെയില്‍വേ വികസനം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദേഹം പറഞ്ഞു.

കേരളത്തില്‍ 35 സ്റ്റേഷനുകളെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. റെയില്‍ സാഗര്‍ കേരളത്തിന് ഗുണകരമാകും. വന്ദേഭാരത് സ്ലീപ്പര്‍ ഉടന്‍ കേരളത്തിന് അനുവദിക്കും.വന്ദേ മെട്രോയും വൈകില്ലെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഒട്ടേറെ റെയില്‍വേ പദ്ധതികള്‍ സംസ്ഥാനത്തിന്റെ അനുമതി കാത്തു കിടക്കുന്നുണ്ട്. ശബരി റെയിലില്‍ വലിയ പ്രതീക്ഷയുണ്ട്. ശബരി റെയിലുമായി ബന്ധപ്പെട്ട് രണ്ട് അലൈന്‍മെന്റുകളാണ് പരിഗണനയിലുള്ളത്.

റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കേരളം പിന്നീട് താല്‍പര്യം കാണിക്കുന്നില്ല. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സര്‍ക്കാരിനോട് ചോദിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.