ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പേ ട്രംപ് വൈറ്റ് ഹൗസ് വിട്ടു

ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പേ ട്രംപ് വൈറ്റ് ഹൗസ് വിട്ടു

വാഷിങ്ടണ്‍: അമേരിക്കയുടെ നാല്‍പ്പത്താറാമത്തെ പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പ് ട്രംപും കുടുംബവും വൈറ്റ് ഹൗസിന്റെ പടിയിറങ്ങി. പുതിയ പ്രസിഡന്റ് ആയി സ്ഥാനമേൽക്കുന്ന ബൈഡന് ഒരു കത്ത് എഴുതി വെച്ചിട്ടാണ് ട്രംപ് സ്വദേശമായ ഫ്ളോറിഡയ്ക്ക് പോയത്. കത്തിൽ എന്താണെന്ന് വ്യക്തമല്ല. പഴയ പ്രസിഡന്റ് പുതിയ പ്രസിഡന്റിനു കത്ത് കൈമാറുന്നത് ഒരു പാരമ്പര്യമാണ്. എന്നാൽ ട്രംപ് ബൈഡനുള്ള കത്ത് എഴുതിവെച്ചിട്ട് സത്യപ്രതിജ്ഞയ്ക്ക് മുമ്പേ പോവുകയായിരുന്നു. അതുപോലെ തന്നെ മെലിനി ബൈഡന്റെ ഭാര്യയായ ജില്ലിനും കത്ത് എഴുതി വെച്ചിട്ടുണ്ട്.

ഒരു രാജ്യത്തിനെതിരെയും യുദ്ധം പ്രഖ്യാപിക്കാതെ നാലു വര്‍ഷത്തെ ഭരണം അവസാനിക്കുന്നുവെന്നും അടുത്ത അധികാരം ഏറ്റെടുക്കുന്നവര്‍ ചൈനയെ പ്രത്യേകം നിരീക്ഷിക്കണമെന്നും താന്‍ ചൈനയ്‌ക്കെതിരെ സ്വീകരിച്ച നയങ്ങള്‍ തുടരണമെന്നും അധികാരമൊഴിയുന്നതിന് മുന്‍പ് ഇരുപതുമിനിട്ട് നീണ്ടുനിന്ന വീഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. അമേരിക്കയെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ട്രംപ് പറഞ്ഞു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ഇന്ന് അമേരിക്കൻ സമയം ഉച്ചക്ക് 12 ന് ( ഇന്ത്യൻ സമയം 10.30 ) യുഎസ് ക്യാപ്പിറ്റോളിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. വൈസ് പ്രസിഡന്റായി സ്ഥാനം ഏൽക്കുന്ന കമല ഹാരിസ് അമേരിക്കയുടെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ് ആണ്. ആദ്യത്തെ കറുത്ത വർഗക്കാരി, ഇന്ത്യൻ വംശജ എന്നീ നിലകളിൽ കമല ഹാരിസ് ചരിത്രത്തിന്റെ ഭാഗമാകും. സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് ഭീഷണി നിലനിൽക്കുന്നതിനാൽ രാജ്യത്തുടനീളം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

തികഞ്ഞ ദൈവ വിശ്വാസിയായ ബൈഡൻ തെരഞ്ഞെടുപ്പ് ദിവസം രാവിലെ തന്റെ വീടിനടുത്തുള്ള ഡെലവെയറിലെ കത്തോലിക്കാ പള്ളിയിൽ പോയി ദിവ്യ ബലിയിൽ സംബന്ധിച്ചിരുന്നു. ഇന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് രാവിലെ സ്‌പീക്കർ നാൻസി പെലോസിക്കും മറ്റ് സെനറ്റർമാർക്കുമൊപ്പം ദേവാലയത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.