കാന്‍ബറ: തടവിലാക്കപ്പെട്ട ഓസ്ട്രേലിയന്‍ എഴുത്തുകാരനും ജനാധിപത്യ പ്രവര്‍ത്തകനുമായ ഡോ. യാങ് ഹെങ്ജൂന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ചാരവൃത്തി ആരോപിച്ചാണ് അഞ്ച് വര്‍ഷത്തിനു മുന്‍പ് 53 കാരനായ യാങ് ഹെങ്ജൂനെ ചൈനീസ് ഭരണകൂടം തടവിലാക്കിയത്. മൂന്ന് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവിലാണ് ഓസ്ട്രേലിയന്‍ ഭരണകൂടത്തെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ച വിധിയുണ്ടായിരിക്കുന്നത്.
വധശിക്ഷ സംബന്ധമായ വാര്‍ത്തകള്‍ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് സ്ഥിരീകരിച്ചു. കോടതിയുടെ തീരുമാനത്തെ ഭയാനകവും വേദനാജനവും എന്നാണ് പെന്നി വോങ് വിശേഷിപ്പിച്ചത്.
ചൈനയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറെക്കാലമായി വഷളായിരുന്ന നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് പുതിയ സംഭവവികാസമുണ്ടായത്.
വിഷയം സുതാര്യമായും നീതിപരമായും കൈകാര്യം ചെയ്യണമെന്ന് മുന്‍ ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചു.
യാങ്ങിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനായി ചൈനീസ് അംബാസഡറെ വിളിപ്പിക്കുന്നത് ഉള്‍പ്പെടെ സര്‍ക്കാര്‍ ശക്തമായ രീതിയില്‍ പ്രതികരിക്കുമെന്ന് വോങ് പറഞ്ഞു.
ജയിലില്‍ കഴിയുന്ന കാലയളവില്‍ യാങ് ഗുരുതരമായ കുറ്റകൃത്യങ്ങളൊന്നും ചെയ്തില്ലെങ്കില്‍ രണ്ട് വര്‍ഷത്തിന് ശേഷം ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്നാണ് ശിക്ഷാ വ്യവസ്ഥകളില്‍ പറയുന്നതെന്ന് പെന്നി വോങ് പറഞ്ഞു.
ഭാര്യയ്ക്കും കുഞ്ഞിനൊപ്പം യാത്ര ചെയ്യവേ 2019-ലാണ് ചൈനീസ് വംശജനും ഓസ്ട്രേലിയന്‍ പൗരനും എഴുത്തുകാരനുമായ യാങ്ങിനെ ഗ്വാങ്ഷൂ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. യാങ് കസ്റ്റഡിയിലാണെന്ന് ചൈന ഓസ്ട്രേലിയയെ അറിയിച്ചെങ്കിലും കേസിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കിയിട്ടില്ല. അടച്ചിട്ട മുറിയില്‍ കനത്ത സുരക്ഷയില്‍ വിചാരണ നടന്നതിനാല്‍ ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാനും കഴിഞ്ഞില്ല.
ന്യൂയോര്‍ക്കില്‍ കൊളംബിയ സര്‍വകലാശാലയില്‍ വിസിറ്റിംഗ് സ്‌കോളറായിരുന്ന യാങ് എഴുതുന്ന ബ്ലോഗുകള്‍ക്ക് വലിയ തോതില്‍ ആരാധകരുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും ഭരണത്തെക്കുറിച്ചും വിമര്‍ശനാത്മകമായി അദ്ദേഹം പലപ്പോഴും എഴുതിയിട്ടുണ്ട്. ഇതായിരിക്കാം ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിച്ചത് എന്നാണു കരുതുന്നത്.
'ഇത് ഡോ യാങ്ങിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ പിന്തുണച്ച എല്ലാവര്‍ക്കും വേദനിപ്പിക്കുന്ന വാര്‍ത്തയാണ്. എല്ലാ ഓസ്ട്രേലിയക്കാരും ഡോ. യാങ് തന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ആവശ്യത്തില്‍നിന്ന് ഞങ്ങള്‍ പിന്നോട്ടു പോകുകയില്ല' - പെന്നി വോങ് പറഞ്ഞു. അതേസമയം കോടതി വിധിയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.