ന്യൂഡല്‍ഹി: മത്സര പരീക്ഷകളിലെ ക്രമക്കേട് തടയുന്നതിന് പൊതുപരീക്ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ത്തല്‍, റാങ്ക് ലിസ്റ്റ് അട്ടിമറി ഉള്‍പ്പെടെ മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് ഒരു കോടി രൂപവരെ പിഴയും 10 വര്‍ഷം വരെ തടവും ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍.
പേഴ്സണല്‍ മന്ത്രാലയം കൊണ്ടുവന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങാണ് അവതരിപ്പിച്ചത്. ബില്‍ നിയമമായാല്‍ ഭാരതീയ ന്യായ സംഹിതയിലും ഉള്‍പ്പെടുത്തും. അടുത്തിടെ രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മത്സര പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്നതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിയമ നിര്‍മാണം.
ചോദ്യ പേപ്പര്‍, ഉത്തരസൂചിക, ഒ.എം.ആര്‍ ഷീറ്റ് എന്നിവ ചോര്‍ത്തല്‍, ഗുഢാലോചനയില്‍ പങ്കെടുക്കല്‍, ആള്‍മാറാട്ടം, കോപ്പിയടിക്കാന്‍ സഹായിക്കല്‍, ഉത്തരസൂചിക പരിശോധന അട്ടിമറിക്കല്‍, മത്സര പരീക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ചട്ടങ്ങളുടെ ലംഘനം, റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട രേഖകളിലെ തിരിമറി എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട പ്രധാന കുറ്റകൃത്യങ്ങള്‍.
പരീക്ഷാ സുരക്ഷാ സംവിധാനങ്ങളുടെ ലംഘനം, പരീക്ഷാ ഹാളിലെ ഇരിപ്പിടം, തിയതി എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, വ്യാജ വെബ്സൈറ്റ് സൃഷ്ടിക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍, പണലാഭത്തിനായുള്ള കത്തിടപാടുകള്‍ എന്നിവയും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഡിവൈ.എസ്.പി, അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണം. ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്.
പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവ്, ഒരു കോടി രൂപയില്‍ കുറയാത്ത പിഴ കൂടാതെ കുറഞ്ഞത് നാല് വര്‍ഷത്തേക്കെങ്കിലും പരീക്ഷാ നടത്തിപ്പില്‍ നിന്ന് ഒഴിവാക്കും.
ക്രമക്കേട് നടത്തുന്ന സ്ഥാപനത്തിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടും. പരീക്ഷാ നടത്തിപ്പിന് ചെലവായ തുക ഈടാക്കാം. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ്. 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.