ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ബെം​ഗളൂരു: സിബിസിഐ (കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) അധ്യക്ഷനായി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ബെം​ഗളൂരുവിൽ ചേർന്ന രാജ്യത്തെ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ് തീരുമാനം. ആർച്ച് ബിഷപ്പ് ജോർജ് ആൻ്റണിസാമിയും ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസുമാണ് പുതിയ വൈസ് പ്രസിഡന്റുമാർ. ഡൽഹി അതിരൂപത ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മൂന്ന് റീത്തുകളിലും ഉള്‍പ്പെട്ട മെത്രാന്മാരുടെ കൂട്ടായ്മയാണ് 'കാത്തലിക് ബിഷപ്‌ കോൺഫറൻസ് ഓഫ് ഇന്ത്യ'.

സഭയും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കോൺഫറൻസിൽ ചർച്ച നടന്നു. 'രാജ്യത്തെ നിലവിലെ സാമൂഹിക - രാഷ്ട്രീയ സാഹചര്യങ്ങളോടും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നേട്ടങ്ങളോടും വെല്ലുവിളികളോടുമുള്ള സഭയുടെ പ്രതികരണം' എന്നതായിരുന്നു 36-ാമത് ജനറൽ ബോഡി യോഗത്തിൻ്റെ പ്രമേയം.

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

തൃശൂർ ജില്ലയിലെ പുതുക്കാട് ജനിച്ച ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് 1977 മാർച്ച് 14നാണ് തൃശൂർ അതിരൂപതയുടെ വൈദികനായി അഭിഷിക്തനായത്. ദൈവശാസ്ത്രത്തിൽ ബിരുദവും കാനൻ നിയമത്തിൽ ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്. 2004 മാർച്ച് 19 ന് തൃശൂർ അതിരൂപതയുടെ സഹായ മെത്രാനായി ആൻഡ്രൂസ് താഴത്ത് നാമനിർദേശം ചെയ്യപ്പെട്ടു.

2004 മെയ് ഒന്നിന് ബിഷപ്പായും 2007 ജനുവരി 22 ന് തൃശൂർ ആർച്ച് ബിഷപ്പായും നിയമിതനായി. കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ (കെസിബിസി) സെക്രട്ടറി ജനറലായും പ്രസിഡൻ്റായും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ 2021ൽ നിയമനിർമ്മാണ ഗ്രന്ഥങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെ അംഗങ്ങളിൽ ഒരാളായി ആർച്ച് ബിഷപ്പിനെ നിയമിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.