വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. വിരബാധ എല്ലാവരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്.
മണ്ണില്‍ കളിക്കുകയും പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ വിരബാധയുണ്ടാകാന്‍ സാധ്യത കൂടും. സാധാരണയായി കുടലുകളിലാണ് വിരകള്‍ കാണപ്പെടുന്നത്.
മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍, മലത്തില്‍ വിരകള്‍ കാണപ്പെടുക, ഛര്‍ദ്ദിലില്‍ വിരകള്‍ കാണപ്പെടുക, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന തുടങ്ങിയവയാണ് വിരബാധയുടെ ലക്ഷണങ്ങള്‍. വിരബാധയുള്ള ഒരാളില്‍ ഉത്സാഹക്കുറവ്, ക്ഷീണം, വിളര്‍ച്ച, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, പോഷക കുറവ്, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം.
കുട്ടികളില്‍ വിരകളുടെ തോത് വളരെ കൂടുതലാണെങ്കില്‍ കുടലിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കില്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.
വിരബാധ പകരുന്നതെങ്ങനെ ?
വിസര്‍ജ്യം കലര്‍ന്ന മണ്ണില്‍ കളിക്കുമ്പോള്‍ കുട്ടികളുടെ കൈകളിലുടെയും കാലുകളിലൂടെയും വിരകളും മുട്ടകളും കുടലിലെത്തുന്നു. മലദ്വാരത്തിന് ചുറ്റും നഖം കൊണ്ട് ചൊറിയുമ്പോള്‍ മുട്ടകളും വിരകളും നഖത്തിലെത്തുകയും കുട്ടികള്‍ നഖങ്ങള്‍ കടിക്കുകയോ കൈകള്‍ കഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍ വിരകള്‍ കുടലിലെത്താം.
ഈച്ചകള്‍ വഴി വിരകളും മുട്ടയും ഭക്ഷണത്തിലെത്തുകയും കുടലിലെത്തുകയും ചെയ്യാം. വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിച്ചാലും വിരബാധയുണ്ടാകാം.
വിരബാധ എങ്ങനെ തടയാം ?
* ഭക്ഷണത്തിന് മുന്‍പും മലവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
* പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
* മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കുക.
* മാംസം നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക.
* കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കുക.
* വീടിന് പുറത്തുപോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.
* ഭക്ഷണം അടച്ച് സൂക്ഷിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
* തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക.
* ആറ് മാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ഗുളിക കഴിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.