തീരുമാനം ഭാവി തലമുറയെ കരുതി; ഹുക്കയുടെ വില്‍പനയും ഉപയോഗവും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

തീരുമാനം ഭാവി തലമുറയെ കരുതി; ഹുക്കയുടെ വില്‍പനയും ഉപയോഗവും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ഹുക്ക ഉപയോഗിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി ഹുക്ക നിരോധിച്ചത്. കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവു തന്റെ എക്സ് പേജിലാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്.

പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി ഹുക്ക നിരോധിക്കുന്നു. ഹുക്ക ഉപയോഗിക്കുന്നത് മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് ഹുക്ക ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കും. നമ്മുടെ ഭാവി തലമുറയ്ക്കായി സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി എക്സില്‍ കുറിച്ചു.

സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളുടെയും നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഹുക്ക നിരോധനം നടപ്പിലാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഹുക്ക നിരോധിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവും പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. 2023 സെപ്റ്റംബറില്‍ സംസ്ഥാനത്ത് ഹുക്ക ബാറുകള്‍ നിരോധിക്കുമെന്നും പുകയില ഉപയോഗത്തിന് നിയമപരമായ പ്രായം 18 ല്‍ നിന്ന് 21 വയസായി ഉയര്‍ത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ ഭേദഗതിയിലൂടെ നിരോധനം ഏര്‍പ്പെടുത്തിയത്. ഹുക്കയിലെ ചേരുവകള്‍ ആസക്തിയിലേക്ക് നയിച്ചേക്കാമെന്നും ദിനേഷ് റാവു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഹരിയാന സര്‍ക്കാര്‍ സംസ്ഥാനത്ത് ഉടനീളമുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഹുക്ക നല്‍കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലെ പരമ്പരാഗത ഹുക്കകള്‍ക്ക് ഹരിയാനയിലെ ഈ നിരോധനം ബാധകമല്ലായിരുന്നു.

ഹുക്ക എന്ന് കേള്‍ക്കുമ്പോള്‍ അത്ര പ്രശ്‌നമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഇത് സിഗരറ്റിനെക്കാള്‍ പ്രശ്‌നക്കാരനാണെന്നാണ് പഠനം പറയുന്നത്. പുകവലിക്കുമ്പോള്‍ അതേ അപകടങ്ങള്‍ ഹുക്ക വലിക്കുന്നത് മൂലവും ഉണ്ടാകും. ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാനായി പല രുചികളില്‍ ഹുക്ക ലഭിക്കും. പൊതുവെ ഹുക്കയില്‍ പുകയില എരിക്കുന്നതിനായി കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള ദോഷകരമായ രാസഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

ഒരു മണിക്കൂര്‍ ഹുക്ക ഉപയോഗിക്കുമ്പോള്‍ ഏകദേശം 200 കവിള്‍ പുകയാണ് ഒരാളുടെ ശ്വാസകോശത്തിലെത്തുന്നത്. എന്നാള്‍ സിഗരറ്റ് വലിക്കുമ്പോള്‍ 20 കവിള്‍ പുകയാണ് ഒരാളുടെ ശ്വാസകോശത്തിലെത്തുന്നത്. സിഗരറ്റ് വലിക്കുന്നവരെക്കാള്‍ വേഗത്തില്‍ ഹുക്ക ഉപയോഗിക്കുന്നവര്‍ക്ക് ശ്വാസകോശം, കണ്ഡനാളം, അന്നനാളം, ആമാശയം തുടങ്ങിയ അവയവങ്ങളില്‍ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. ഹുക്ക ഉപയോഗിക്കുന്നവര്‍ക്ക് നെഞ്ച് വേദന, കഫത്തിനുണ്ടാകുന്ന നിറം മാറ്റം എന്നിവ ഉണ്ടാവാറുണ്ട്.

ഏത് തരത്തിലുള്ള ടുബാക്കോ ഉപയോഗവും (ഹുക്ക, സിഗരറ്റ്, പുകയില) ഒരേ തരത്തിലുള്ള ദോഷഫലങ്ങളാണ് ഉണ്ടാക്കുക . സിഗരറ്റ് പുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹുക്കയുടെ പുകയില്‍ ലെഡ്, ആഴ്‌സനിക്, നിക്കല്‍ എന്നിവയുടെ അംശം കൂടുതലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.