കര്‍ഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ

കര്‍ഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച്‌ കര്‍ഷര്‍ നടത്തുന്ന സമരത്തിനിടെ വീണ്ടും ആത്മഹത്യ. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ സമരവേദിയില്‍ 42കാരനായ ജയ് ഭഗവാന്‍ റാണയാണ് ജീവനൊടുക്കിയത്. വിഷം കഴിച്ചായിരുന്നു ആത്മഹത്യ. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ഷക പ്രതിഷേധത്തിനിടെ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കര്‍ഷകനാണിത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യാ കുറിപ്പ് എഴുതിവച്ചതിന് ശേഷമാണ് ജയ് ഭഗവാന്‍ റാണ ജീവനൊടുക്കിയത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ പറയുന്നത് രണ്ടുമൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ്. എന്നാല്‍, രാജ്യത്തെ മുഴുവന്‍ കര്‍ഷകരും നിയമത്തിന് എതിരാണ്. കര്‍ഷക വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എല്ലാ സംസ്ഥാനങ്ങളിലെയും കാര്‍ഷിക നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെടുന്നു.

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. സിംഗുവിലെ കര്‍ഷക യൂണിയന്‍ ഓഫീസില്‍ രാവിലെ പത്തിന് ചര്‍ച്ച ആരംഭിക്കും. റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി നാളെ നടക്കുന്ന പതിനൊന്നാം വട്ട ചര്‍ച്ച നിര്‍ണായകമാണ്. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിയേഴാം ദിവസത്തിലേക്ക് കടന്നു. സുപ്രിംകോടതി രൂപീകരിച്ച സമിതി ഇന്ന് സിറ്റിംഗ് നടത്തും. സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെ ക്ഷണിച്ചിരുന്നെങ്കിലും, സമിതിയുമായി സഹകരിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.