പ്രകോപനം ഉണ്ടായാല്‍ ദക്ഷിണ കൊറിയയെ പൂര്‍ണമായും നശിപ്പിക്കും: പുതിയ ഭീഷണിയുമായി കിം ജോങ് ഉന്‍

പ്രകോപനം ഉണ്ടായാല്‍ ദക്ഷിണ കൊറിയയെ പൂര്‍ണമായും നശിപ്പിക്കും: പുതിയ ഭീഷണിയുമായി കിം ജോങ് ഉന്‍

പോങ്യാങ്: ദക്ഷിണ കൊറിയയുമായി നയതന്ത്ര ബന്ധം പുലര്‍ത്താന്‍ താല്‍പര്യമില്ലെന്നും തങ്ങളെ പ്രകോപിപ്പിച്ചാല്‍ ആ രാജ്യത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.

കൊറിയന്‍ ഉപദ്വീപില്‍ അടുത്തയിടെയായി സംഘര്‍ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കിമ്മിന്റെ ഭീഷണി. വ്യാഴാഴ്ച ഉത്തര കൊറിയയുടെ പ്രതിരോധ മന്ത്രാലയം സന്ദര്‍ശിച്ചപ്പോള്‍, ദക്ഷിണ കൊറിയയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തന്റെ നീക്കങ്ങളെന്ന് എടുത്ത് പറഞ്ഞ കിം പ്രകോപനങ്ങള്‍ ഉണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താന്‍ തന്റെ സൈന്യത്തെ അനുവദിക്കുന്നുവെന്നും പറഞ്ഞിരുന്നു.

നമ്മുടെ റിപ്പബ്ലിക്കിന്റെ തകര്‍ച്ചയ്ക്ക് ശ്രമിച്ച ദക്ഷിണ കൊറിയന്‍ പാവകളുമായുള്ള സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകത ഇല്ലാതാക്കാന്‍ താന്‍ മുന്‍കൈ എടുക്കുകയാണന്ന് കിം പറഞ്ഞതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മകള്‍ കിം ജുഎയ്ക്ക് ഒപ്പമാണ് കിം ജോങ് ഉന്‍ പ്രതിരോധ മന്ത്രാലയം സന്ദര്‍ശിക്കാന്‍ എത്തിയത്. ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ ഏകീകരണം എന്ന ദീര്‍ഘകാല ലക്ഷ്യം ഉത്തര കൊറിയ ഉപേക്ഷിക്കുകയാണെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് കിമ്മിന്റെ പുതിയ ഭീഷണി.

അതേസമയം കിമ്മിന്റെ ഭീഷണിക്ക് മറുപടിയെന്നോണ്ം അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും അവരുടെ സംയുക്ത സൈനികാഭ്യാസങ്ങള്‍ കൊറിയന്‍ ഉപദ്വീപില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.