ബെര്‍ലിന്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പേരില്‍ തുടര്‍ച്ചയായി ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പ്രശസ്ത ഓസ്‌ട്രേലിയന്‍ നരവംശശാസ്ത്ര പ്രൊഫസറായ ഗസാന്‍ ഹേഗിനെ പുറത്താക്കി പ്രമുഖ ജര്‍മന്‍ ഗവേഷണ സ്ഥാപനം. ദി മാക്സ് പ്ലാങ്ക് സൊസൈറ്റിയാണ് സമൂഹ മാധ്യമങ്ങളിലെ യഹൂദ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ പ്രൊഫസറെ പുറത്താക്കിയത്.
ലെബനീസ് വംശജനും ഓസ്‌ട്രേലിയന്‍ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഗസാന്‍ ഹേഗ് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ നരവംശശാസ്ത്രജ്ഞനാണ്.
മാക്‌സ് പ്ലാങ്ക് സൊസൈറ്റിയുടെ ആശയങ്ങളും മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത രീതിയില്‍ നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫസര്‍ ഗസാന്‍ ഹേഗുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ഗവേഷണ സ്ഥാപനം പ്രസ്താവനയിറക്കി.
വംശീയത, യഹൂദവിരുദ്ധത, വിവേചനം, വിദ്വേഷം, പ്രക്ഷോഭം എന്നിവയ്ക്ക് മാക്‌സ് പ്ലാങ്ക് സൊസൈറ്റിയില്‍ സ്ഥാനമില്ലെന്നും പ്രസ്താവനയില്‍ ഗവേഷണം പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2023 ഏപ്രില്‍ മുതല്‍ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്ത്രോപോളജിയില്‍ വിസിറ്റിംഗ് പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്നു ഹേഗ്.
ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഫെബ്രുവരി ഏഴിനാണ് പ്രൊഫസര്‍ ഈ വിഷയത്തിലുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ആരംഭിക്കുന്നത്. ഇസ്രയേലിനെ വിമര്‍ശിക്കുന്ന ഹേഗിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ യഹൂദവിരുദ്ധമാണെന്ന് ആരോപിച്ച് വലതുപക്ഷ പത്രമായ വെല്‍റ്റ് ആം സോണ്‍ടാഗ് രംഗത്തുവരികയും മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സ്ഥാപനം ഹേഗിനെ പിരിച്ചുവിട്ടത്.
അതേസമയം ഗാസയ്ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ സ്ഥാപനമെടുത്ത നടപടിക്കെതിരെ ഗസാന്‍ ഹേഗ് രംഗത്തെത്തി. തന്റെ കാഴ്ചപ്പാടുകളെ വംശീയമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹേഗ് പറഞ്ഞു.
അതേസമയം, ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ അടിസ്ഥാന നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്വാതന്ത്ര്യങ്ങള്‍ വലിയ ഉത്തരവാദിത്തത്തോടെയാണ് മാക്‌സ് പ്ലാങ്ക് സൊസൈറ്റി കാണുന്നതെന്നും ഗവേഷകര്‍ അവരുടെ പൗരാവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ സ്ഥാപനത്തിന്റെ പ്രശസ്തിക്കും വിശ്വാസത്തിനും ക്ഷതമേല്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഗവേഷണ സ്ഥാപനം പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.