വിക്ടോറിയയിലെ ഷെപ്പര്‍ട്ടണില്‍ അന്ത്രോക്‌സ് ബാധിച്ച് കന്നുകാലികള്‍ ചത്തു; രോഗവ്യാപനത്തെിനെതിരേ മുന്നറിയിപ്പുമായി അധികൃതര്‍

വിക്ടോറിയയിലെ ഷെപ്പര്‍ട്ടണില്‍ അന്ത്രോക്‌സ് ബാധിച്ച് കന്നുകാലികള്‍ ചത്തു; രോഗവ്യാപനത്തെിനെതിരേ മുന്നറിയിപ്പുമായി അധികൃതര്‍

മെല്‍ബണ്‍: വിക്ടോറിയയിലെ ഷെപ്പര്‍ട്ടണിലുള്ള ഒരു കന്നുകാലി ഫാമില്‍ മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തതിനു കാരണം ആന്ത്രാക്‌സ് ആണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയ അധികൃതര്‍ ഫാമിന്റെ പരിസര പ്രദേശം ക്വാറന്റീന്‍ ചെയ്തു.

ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി സംസ്‌കരിച്ചതായും ഫാമില്‍ ശേഷിക്കുന്ന കന്നുകാലികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നുണ്ടെന്നും അഗ്രിക്കള്‍ച്ചര്‍ വിക്ടോറിയ അറിയിച്ചു. കന്നുകാലികള്‍ പെട്ടെന്ന് ചാകുന്നതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്ത്രാക്സ് ബാധ കണ്ടെത്തിയത്.

അഞ്ച് മൃഗങ്ങളാണ് രോഗബാധ മൂലം ചത്തതെന്നും പോര്‍ട്ടബിള്‍ ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് ശവശരീരങ്ങള്‍ കത്തിച്ചുകളഞ്ഞതായും സംസ്ഥാന ഡെപ്യൂട്ടി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ കാമറൂണ്‍ ബെല്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ വ്യാപ്തി കുറയ്ക്കാന്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ബാസിലസ് ആന്ത്രാക്‌സിസ് എന്ന ബാക്ടീരിയ പരത്തുന്ന രോഗമാണ് ആന്ത്രാക്‌സ്. അത് സാധരണയായി മണ്ണിലുണ്ടാകുന്ന ബാക്ടീരിയയാണ്. ഇത്തരം ബാക്ടീരിയകള്‍ക്ക് അരനൂറ്റാണ്ടോളം മണ്ണില്‍ ജീവിക്കാന്‍ കഴിയും. മണ്ണില്‍ മേയുന്ന കന്നുകാലികള്‍, ചെമ്മരിയാട്, ആട്, കുതിര, പന്നി തുടങ്ങിയ മൃഗങ്ങളെയാണ് ആന്ത്രാക്സ് ബാധിക്കുന്നത്. മൃഗങ്ങളുമായോ മൃഗങ്ങളുമായി ബന്ധപ്പെട്ട മലിന വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മനുഷ്യരിലേക്കും രോഗം ബാധിക്കാം. അപൂര്‍വ്വമായി മാത്രം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ആന്ത്രാക്സ് പകരാറുണ്ട്. എന്നാല്‍ ഇത് മനുഷ്യര്‍ക്കിടയില്‍ പകര്‍ച്ചവ്യാധിയായി കണക്കാക്കിയിട്ടില്ല.

പനി, ശ്വാസം മുട്ടല്‍, വിറയല്‍, മൂക്കില്‍ നിന്ന് നീരൊലിപ്പ്, കണ്ണുകള്‍ ചുവക്കല്‍, വയര്‍ സ്തംഭനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് മൃഗങ്ങളിലെ പ്രധാന രോഗലക്ഷണങ്ങള്‍. പാലിന് ചുവപ്പോ മഞ്ഞനിറമോ ഉണ്ടാകും. ചോര കലര്‍ന്ന മൂത്രമായിരിക്കും. രോഗലക്ഷണങ്ങള്‍ കാണിച്ചു മണിക്കൂറുകള്‍ക്കകം മരണമുണ്ടാകും.

കര്‍ഷകര്‍, മൃഗഡോക്ടര്‍മാര്‍, ചത്ത കന്നുകാലികളെ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കും രോഗം ബാധിക്കാനുള്ള അപകടസാധ്യതയുണ്ട്.

ഫാം ഉടമയുടെയും വെറ്ററിനറി ഡോക്ടറുടെയും സമയോചിതമായ റിപ്പോര്‍ട്ടിങ്ങാണ് രോഗ വ്യാപനം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സഹായകമായതെന്ന് ഡോ. കാമറൂണ്‍ ബെല്‍ പറഞ്ഞു. രോഗബാധ അറിഞ്ഞ ഉടന്‍ ഫാം ക്വാറന്റീന്‍ ചെയ്യുകയും വ്യാപനം തടയാനുള്ള നിരവധി നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ഫാമിലെ ബാക്കിയുള്ള എല്ലാ കന്നുകാലികള്‍ക്കും വാക്‌സിനേഷന്‍ നല്‍കി.

മൃഗങ്ങള്‍ പെട്ടെന്ന് ചാകുന്നതും മൂക്കിലൂടെയും മറ്റും രക്തസ്രാവമുണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ അതീവശ്രദ്ധ വേണം. അവയുടെ പാല്‍ ഉപയോഗിക്കരുത്. രോഗം മൂലം ചത്ത മൃഗങ്ങളെ മുറിക്കുകയും ചെയ്യരുത്. അത് രോഗാണുക്കള്‍ പുറത്തുവരാനും വ്യാപകമായി പകരാനും കാരണമാകും. രോഗം ബാധിച്ചതോ രോഗം ബാധിച്ച് ചത്തതോ ആയ മൃഗങ്ങളുടെ മാംസം ഉപയോഗിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.