നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ വൈദികരെ മോചിപ്പിച്ചു

നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ വൈദികരെ മോചിപ്പിച്ചു

അബൂജ: നൈജീരിയയിലെ പങ്ക്‌ഷിൻ രൂപതാപരിധിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു കത്തോലിക്ക വൈദികരെ മോചിപ്പിച്ചു. ക്ലരീഷ്യൻ മിഷ്ണറിമാർ എന്നറിയപ്പെടുന്ന മിഷ്ണറീസ് സൺസ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാദർ കെന്നത്ത് കൻവ, ഫാദർ ജൂഡ് നവാച്ചുക്വു എന്നീ വൈദികരെയാണ് മോചിപ്പിച്ചത്.

ഫാദർ കൻവ, പങ്ക്‌ഷിൻ രൂപതയിലെ സെൻ്റ് വിൻസെൻ്റ് ഡി പോൾ ഇടവകയിൽ സേവനമനുഷ്ഠിച്ചു വരികയായിരിന്നു. സഹവികാരിയായിരിന്നു ഫാദർ ജൂഡ്. ഇടവകയിലെ അവരുടെ റെക്‌ടറിയിൽനിന്ന് ഫെബ്രുവരി രണ്ടിന് ആക്രമണകാരികൾ ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിട്ടയച്ച ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോൺഗ്രിഗേഷൻ ഓഫ് മിഷനറീസ് സൺസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി (CMF) യിലെ രണ്ട് അംഗങ്ങളുടെ മോചനം സ്ഥിരീകരിച്ചതായി ക്രിസ്ത്യൻ അസ്സോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) പ്ലേറ്റൊ സ്റ്റേറ്റ് ചാപ്റ്ററിന്റെ ചെയർമാൻ ഫാദർ പോളികാർപ്പ് ലൂബോ അറിയിച്ചു. അതേ സമയം വൈദികരുടെ മോചനത്തിനായി മോചനദ്രവ്യം നൽകിയോ എന്ന് ചെയർമാൻ വെളിപ്പെടുത്തിയില്ല. പൊലീസും ഇരുവരുടെയും മോചനം സ്ഥിരീകരിച്ചു.

വൈദികരുടെ കുരുതിക്കളം എന്നറിയപ്പെടുന്ന നൈജീരിയയിൽ ക്രിസ്തീയ സമൂഹങ്ങളിൽ നിന്നുള്ളവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവു സംഭവമായി മാറിയിട്ടുണ്ട്. എളുപ്പത്തിൽ പണം ഉണ്ടാക്കുവാനുള്ള ഒരു മാർഗ്ഗമായിട്ടാണ് വൈദികരെയും സന്യാസിനികളെയും തട്ടിക്കൊണ്ടു പോകുന്നത്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം ഉൾപ്പെടെയുള്ള തീവ്രവാദി സംഘടനകളും, ഇസ്ലാമിക ഗോത്രവർഗ്ഗമായ ഫുലാനികളും വലിയ ആക്രമണമാണ് ക്രൈസ്തവർക്ക് നേരെ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.