സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക ലോക്‌സഭയിലേക്കും മത്സരിച്ചേക്കും

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക ലോക്‌സഭയിലേക്കും മത്സരിച്ചേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മത്സര രംഗത്തുനിന്ന് വിട്ടുനില്‍ക്കുമെന്നും പകരം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.

രാജസ്ഥാനില്‍ നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സോണിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍. നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയാണ് സോണിയ ഗാന്ധി.

അതേസമയം സോണിയക്ക് പകരമായി മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ നിന്ന് ലോക്‌സഭയിലേക്കു മല്‍സരിച്ചേക്കും. കോണ്‍ഗ്രസിന്റെ അടിയുറച്ച സീറ്റാണ് റായ്ബറേലി.

ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിങിനെ നാമനിര്‍ദേശം ചെയ്തേക്കും. അഭിഷേക് മനു സിങ്വി, അജയ് മാക്കന്‍ എന്നിവരും രാജ്യസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ സാധ്യതയുള്ള മറ്റ് നേതാക്കളാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 നാണ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 15 ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.