പ്രധാനമന്ത്രി സ്ഥാനം പങ്കിടും: പാകിസ്ഥാനില്‍ പിഎംഎല്‍-എന്നും പിപിപിയും ധാരണയിലേക്ക്

പ്രധാനമന്ത്രി സ്ഥാനം പങ്കിടും: പാകിസ്ഥാനില്‍ പിഎംഎല്‍-എന്നും പിപിപിയും ധാരണയിലേക്ക്

ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പാകിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസും (പിഎംഎല്‍-എന്‍) പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) ഊര്‍ജിതമാക്കി.

പ്രധാനമന്ത്രി പദം രണ്ടര വര്‍ഷത്തേക്ക് പരസ്പരം പങ്കിടാമെന്ന ധാരണയില്‍ ഇരുപാര്‍ട്ടികളും എത്തിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുതു. കേന്ദ്രത്തിലും പഞ്ചാബ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലും സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരുപാര്‍ട്ടികളും സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിപിപി അധ്യക്ഷന്‍ ആസിഫ് അലി സര്‍ദാരി, ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ, പി എം എല്‍-എന്നില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്തണമെന്ന് യോഗത്തില്‍ പി എം എല്‍-എന്‍ നേതൃത്വം ആവശ്യപ്പെട്ടു.

എന്നാല്‍ പിപിപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ബിലാവലിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്ന് ആസിഫ് അലി സര്‍ദാരി പറഞ്ഞു. മുത്തഹിദ ക്വാമി മൂവ്‌മെന്റ് - പാകിസ്ഥാന്‍ (എംക്യുഎം-പി) നേതാക്കള്‍ പിഎംഎല്‍-എന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ഭാവി സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രീയ സഹകരണം അംഗീകരിക്കുകയും ചെയ്തതായാണ് വിവരം.

അതേസമയം പൊതുതിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച 18 ഹര്‍ജികള്‍ ലാഹോര്‍ ഹൈക്കോടതി തള്ളി. പിഎംഎല്‍-എന്‍ നേതാക്കളായ നവാസ് ഷെരീഫ്, ഷെഹ്ബാസ് ഷെരീഫ്, മറിയം നവാസ്, ഹംസ ഷെഹ്ബാസ്, ഖവാജ ആസിഫ്, അത്താവുള്ള തരാര്‍, ഐപിപി നേതാവ് അവ്ന്‍ ചൗധരി എന്നിവരുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ ജസ്റ്റിസ് അലി ബഖര്‍ നജാഫി നിരസിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തില്‍ പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിപി) സമീപിക്കാന്‍ ജഡ്ജി പരാതിക്കാരോട് നിര്‍ദേശിച്ചു. ജയിലില്‍ കിടക്കുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ സ്വതന്ത്രര്‍ 102 സീറ്റുകള്‍ നേടി മുന്നിലെത്തിയിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം നേടാന്‍ പിടിഐക്ക് സാധിച്ചില്ല. കേവല ഭൂരിപക്ഷത്തിന് 265 സീറ്റില്‍ 133 സീറ്റാണ് വേണ്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.