കണ്ടകശനി മാറാതെ ഇന്‍ഡിഗോ! വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചില്‍ സ്‌ക്രൂ; യാത്രക്കാരന്റെ പരാതിയില്‍ വിശദീകരണവുമായി കമ്പനി

കണ്ടകശനി മാറാതെ ഇന്‍ഡിഗോ! വിമാനത്തില്‍ വിളമ്പിയ  സാന്‍ഡ്‌വിച്ചില്‍ സ്‌ക്രൂ; യാത്രക്കാരന്റെ പരാതിയില്‍ വിശദീകരണവുമായി കമ്പനി

ന്യൂഡല്‍ഹി: വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചെന്ന യാത്രക്കാരന്റെ പരാതിയില്‍ വിശദീകരണവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. യാത്രക്കിടെ പ്രശ്നം യാത്രക്കാരന്‍ തങ്ങളെ അറിയിച്ചില്ലെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്. വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാള്‍ സാന്‍ഡ്‌വിച്ചിന്റെ ചിത്രം അടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് രംഗത്ത് വന്നത്.

2024 ഫെബ്രുവരി ഒന്നിന് ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയ 6E-904 വിമാനത്തിലെ അനുഭവം എന്ന പേരില്‍ ഒരു യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ യാത്രക്കിടെ അദേഹം ഇത്തരമൊരു പ്രശ്നം തങ്ങളുമായി പങ്കുവച്ചിരുന്നില്ലെന്ന് ഇന്‍ഡിഗോ ഇന്നലെ പ്രസ്താവനയില്‍ വ്യക്തമാക്കി. യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി കമ്പനി പറഞ്ഞിട്ടുണ്ടെങ്കിലും പ്രചരിച്ച ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

വിമാനത്തിനുള്ളില്‍ തങ്ങള്‍ നല്‍കുന്ന ഭക്ഷണത്തിന് ഉയര്‍ന്ന നിലവാരവും വൃത്തിയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിലവാരം പുലര്‍ത്തുന്ന ഉയര്‍ന്ന കാറ്ററര്‍മാരില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. യാത്രക്കാരന് സംഭവിച്ച അസൗകര്യത്തില്‍ തങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒപ്പം കൂടുതല്‍ ശുചിത്വ മാനദണ്ഡങ്ങളോടെ വിമാനത്തിനുള്ളില്‍ വിളമ്പുന്ന ഭക്ഷണം നിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയില്‍ ഇന്‍ഡിഗോ വ്യക്തമാക്കി.

വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരി രണ്ടിന് ഇന്‍ഡിഗോയ്ക്ക് ഭക്ഷ്യ സുരക്ഷ റെഗുലേറ്റര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഡിസംബര്‍ 29 ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ 6E 6107 വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചതോടെ എയര്‍ലൈന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ജനുവരി 17 ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വിമാന കമ്പനികളോടും ഫ്‌ളൈറ്റ് കാറ്ററുകളോടും ഭക്ഷ്യ സുരക്ഷ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും ശരിയായ ലേബലിങ്ങിലൂടെ യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.

വിമാനത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഭക്ഷ്യ സുരക്ഷ പ്രോട്ടോകോളുകള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ജനുവരി 16 ന് പ്രമുഖ ഫ്‌ളൈറ്റ് കാറ്ററിങ് കമ്പനികളും എയര്‍ലൈനുകളുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ യോഗം വിളിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.