ന്യൂഡല്‍ഹി: സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് മറ്റ് രാജ്യസഭാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിന് സീറ്റില്ല.
മധ്യപ്രദേശില്‍ നിന്ന് അശോക് സിങാണ് മത്സരിക്കുക. എഐസിസി ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സെയ്ദ് നസീര്‍ ഹുസൈന്‍, ജി.സി ചന്ദ്രശേഖര്‍ എന്നിവര്‍ കര്‍ണാടകയില്‍ നിന്ന് മത്സരിക്കും. മുന്‍ കേന്ദ്ര മന്ത്രി രേണുക ചൗധരിയും എം. അനില്‍ കുമാര്‍ യാദവും തെലങ്കാനയില്‍ നിന്നുള്ള സ്ഥാനാര്‍ഥികളാണ്.
56 രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ പത്ത് സീറ്റിലാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുക. വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.
മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടി തള്ളി. കമല്‍ നാഥ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണി യ ഗാന്ധി ഇന്ന് രാവിലെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. രാജസ്ഥാനില്‍ നിന്നാണ് സോണിയ മത്സരിക്കുന്നത്. ബിഹാറില്‍ നിന്ന് ഡോ. അഖിലേഷ് പ്രസാദ് സിങ്, ഹിമാചല്‍ പ്രദേശില്‍ നിന്ന് അഭിഷേക് മനു സിങ്‌വി, മഹാരാഷ്ട്രയില്‍ നിന്ന് ചന്ദ്രകാന്ത് ഹാന്ദോര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.