വാട്ടര്‍ കനാല്‍, പൈപ്പുകള്‍ എന്നിവ വഴി വയലുകളിലേക്ക് വെള്ളം തിരിച്ചുവിട്ട് കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍.
ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്കെതിരെ ഹരിയാനയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ വര്‍ഷിക്കുന്ന പൊലീസ് നടപടികള്‍ തുടരുമ്പോള്‍ ആകാശത്തേക്ക് പട്ടങ്ങള്‍ പറത്തി ഡ്രോണുകളെ തടയുകയാണ് കര്‍ഷകര്‍.
കര്‍ഷക മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സമരം രണ്ടാം ദിവസം പിന്നിടുമ്പോള്‍ ശംഭു, ഖനൗരി അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മറ്റ് കര്‍ഷക സംഘടനകളും രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. കര്‍ഷക മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വ്യാഴാഴ്ച ട്രെയിന്‍ തടയുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഏഴിടങ്ങളില്‍ ട്രെയിന്‍ തടയുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.
പഞ്ചാബിന്റെ അധികാര പരിധിയിലേക്ക് കടന്നുള്ള ഹരിയാന പൊലീസിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള കണ്ണീര്‍ വാതക പ്രയോഗത്തില്‍ പ്രതിഷേധമറിയിച്ച് പട്യാല ഡപ്യൂട്ടി കമ്മിഷണര്‍ ഷൗക്കത്ത് അഹമ്മദ് അംബാല ഡപ്യൂട്ടി കമ്മിഷണര്‍ക്ക് കത്തയച്ചു. പഞ്ചാബില്‍ നിന്നുള്ള ട്രെയിനുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് തടയുന്നത്.
അതിനിടെ രണ്ടാം കര്‍ഷക പ്രക്ഷോഭത്തിന് കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചദുനി പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ന്യായമാണ്. കര്‍ഷകരോട് സര്‍ക്കാര്‍ കര്‍ശനമായി ഇടപെടരുത്. അവരെ ശാരിരികമായി കൈകാര്യം ചെയ്യുന്ന നടപടികള്‍ ഒഴിവാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
അതേസമയം ഖനൗരിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ ട്രോളികളുടെ നിര അതിര്‍ത്തിയില്‍ നിന്ന് 3.5 കിലോമീറ്ററില്‍ കൂടുതല്‍ നീളത്തില്‍ തുടരുകയാണ്. ശംഭു, ഖനൗരി അതിര്‍ത്തികള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങള്‍, പട്ടണങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലങ്കാര്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ഭക്ഷണങ്ങളും മറ്റ് സേവനങ്ങളും എത്തിക്കുന്നുണ്ട്.
സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള വാട്ടര്‍ കനാല്‍, പൈപ്പുകള്‍ എന്നിവ വഴി വയലുകളിലേക്ക് വെള്ളം തിരിച്ചുവിട്ടാണ് ഹരിയാന സര്‍ക്കാര്‍ കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.