പുടിന്‍ ഭയന്ന ഒരേയൊരു നേതാവ്; അലക്സി നവല്‍നിയുടെ മരണത്തില്‍ നടുങ്ങി ലോക രാജ്യങ്ങള്‍: കൊലപാതകമെന്ന് ആരോപണം

പുടിന്‍ ഭയന്ന ഒരേയൊരു നേതാവ്; അലക്സി നവല്‍നിയുടെ മരണത്തില്‍ നടുങ്ങി ലോക രാജ്യങ്ങള്‍: കൊലപാതകമെന്ന് ആരോപണം

വാഷിങ്ടണ്‍: ലോകം മുഴവന്‍ ഭയത്തോടെ വീക്ഷിക്കുന്ന നേതാവാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. എന്നാല്‍ ആ പുടിന്‍ ഭയത്തോടെ കണ്ട ഒരേയൊരു രാഷ്ട്രീയ എതിരാളിയായിരുന്നു ഇന്നലെ ജയിലില്‍ അന്തരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി. 'പുടിന്‍ ഏറ്റവും ഭയക്കുന്ന ആള്‍' എന്നു വാള്‍ സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിച്ച നവല്‍നിയുടെ മരണം അത്ര സ്വാഭാവിമായി ലോകരാജ്യങ്ങള്‍ കാണുന്നില്ല.

ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലുള്ള ജയിലില്‍ തടവു ശിക്ഷ അനുഭവിക്കുന്നതിനിടെ നവല്‍നി അന്തരിച്ചു എന്ന റിപ്പോര്‍ട്ടു വരുന്നത് റഷ്യ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍. വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തയാറെടുപ്പിലാണ് വ്‌ളാഡിമിര്‍ പുടിന്‍.
അതുകൊണ്ടു തന്നെ സംശയത്തിന്റെ മുന പുടിനിലേക്കാണു നീളുന്നതും.

ലോക രാജ്യങ്ങളെ നടുക്കിയാണ് അലക്സി നവല്‍നിയുടെ അപ്രതീക്ഷിതമായ മരണവാര്‍ത്ത എത്തിയത്. ഇതിനു മുന്‍പ് പല തവണ വധശ്രമത്തെ അതിജീവിച്ചിട്ടുള്ളയാളാണ് നവല്‍നി. പ്രഭാത നടത്തത്തിനിടെ ബോധരഹിതനായി വീഴുകയും തുടര്‍ന്ന് മരിക്കുകയും ചെയ്തതായാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ക്രൂരമായ കൊലപാതകം എന്നാണ് ലോകം പ്രതികരിച്ചത്.

തന്റെ പങ്കാളിയുടെ മരണവാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്നായിരുന്നു നവല്‍നിയുടെ ഭാര്യ യൂലിയയുടെ പ്രതികരണം. പുടിനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും നുണയന്‍മാരാണെന്നുമായിരുന്നു യൂലിയ ആരോപിച്ചത്. വാര്‍ത്തകള്‍ സത്യമെങ്കില്‍ പുടിനും അദ്ദേഹത്തിന്റെ അനുയായികളും സര്‍ക്കാരും തന്നോടും കുടുംബത്തോടും രാജ്യത്തോടും ചെയ്ത ക്രൂരതയുടെ ഫലം അനുഭവിക്കുമെന്നും ആ ദിവസം അത്ര വിദൂരമല്ലെന്നും അവര്‍ പറഞ്ഞു.

റഷ്യന്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ അണിനിരക്കണമെന്ന് അവര്‍ രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ഥിച്ചു. ഈ ഭരണകൂടവും പുടിനുമാണ് റഷ്യന്‍ ജനത ഇന്നനുഭവിക്കുന്ന എല്ലാ ദുരിതങ്ങള്‍ക്കും കാരണമെന്നും അവര്‍ പറഞ്ഞു.

ഉത്തരവാദി പുടിന്‍, അനന്തരഫലം അനുഭവിക്കും: ബൈഡന്‍

നവല്‍നി ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ പുടിന് പങ്കുണ്ടെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയതോടെ വിവാദങ്ങള്‍ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. നവല്‍നിയുടെ മരണം തന്നെ ഞെട്ടിക്കുന്നില്ലെന്നും പക്ഷേ ആ മരണം തന്നെ രോഷാകുലനാക്കുന്നുവെന്നും ജോ ബൈഡന്‍ പറഞ്ഞു. നവല്‍നിയുടെ മരണത്തില്‍ റഷ്യ അന്വേഷണം നടത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. നവല്‍നിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഷ്യന്‍ ഭരണകൂടത്തിന്റെ അഴിമതി ഉള്‍പ്പെടെയുള്ള എല്ലാ മോശം കാര്യങ്ങള്‍ക്കും എതിരെ നിന്നിരുന്ന ആളായിരുന്നു നവല്‍നിയെന്ന് ബൈഡന്‍ പറഞ്ഞു. നവന്‍നിയുടെ മരണം പുടിന്റെ പൈശാചികതയാണ് തെളിയിക്കുന്നതെന്നും ഈ മരണത്തിന് പിന്നില്‍ റഷ്യന്‍ ഭരണകൂടമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും വിമര്‍ശിച്ചു. കമല ഹാരിസ് നവാല്‍നിയുടെ ഭാര്യ യൂലിയയെ കണ്ട് ദുഃഖവും രോഷവും രേഖപ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.

മരണം നടന്ന റഷ്യന്‍ പീനല്‍ കോളനിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. രണ്ടു മാസം മുന്‍പാണ് നവല്‍നിയെ മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ അകലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലാക്കുന്നത്.

റഷ്യയുടെ ഉക്രെയ്ന്‍ അധിനവേശവുമായി ബന്ധപ്പെട്ട് ബൈഡനും പുടിനും കടുത്ത ഭിന്നതയിലാണ്. ഉക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിന് അധിക സാമ്പത്തിക സഹായവും യുഎസ് കോണ്‍ഗ്രസില്‍ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. റഷ്യയ്ക്കെതിരെ എന്ത് നടപടികളാണ് ആലോചിക്കുന്നതെന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബൈഡന്റെ പ്രതികരണം യുഎസ് റഷ്യ ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

ഉക്രെയ്ന് എതിരായ യുദ്ധത്തില്‍ പുടിനു പണം ലഭിക്കുന്ന എല്ലാ വഴികളും ഇല്ലാതാക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കണമെന്ന് നവല്‍നിയുടെ മരണശേഷം ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു.

നവല്‍നിയെ പുടിന്‍ കൊലപ്പെടുത്തിയതാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. ആരു മരിച്ചാലും പുടിന്‍ കാര്യമാക്കുന്നില്ല, അയാള്‍ക്ക് തന്റെ സ്ഥാനം നിലനിര്‍ത്തുന്നതാണു പ്രധാനം.

ജനാധിപത്യത്തിനായി പോരാടി ത്യാഗം വരിച്ചു

റഷ്യന്‍ വിമതന്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങള്‍ക്കായി പോരാടി ത്യാഗം ചെയ്തുവെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ പറഞ്ഞു. ഈ ദാരുണമായ മരണത്തിന് റഷ്യന്‍ ഭരണകൂടം മാത്രമാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ ജനതയ്ക്ക് മെച്ചപ്പെട്ടതും കൂടുതല്‍ ജനാധിപത്യപരവുമായ ഭാവിയാണ് നവല്‍നി പ്രതീക്ഷിച്ചതെന്നും അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുടിന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തിന്റെ വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.

പ്രകടിപ്പിച്ചത് അവിശ്വസനീയമായ ധൈര്യം: റിഷി സുനക്

ഇത് ഭയാനകമായ വാര്‍ത്തയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. റഷ്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും കടുത്ത പ്രചാരകനെന്ന നിലയില്‍, അലക്സി നവല്‍നി തന്റെ ജീവിതത്തിലുടനീളം അവിശ്വസനീയമായ ധൈര്യം പ്രകടിപ്പിച്ചു.

നവല്‍നിയുടെ മരണവാര്‍ത്തയില്‍ തനിക്ക് അതിയായ ദുഃഖവും അസ്വസ്ഥതയും ഉണ്ടെന്ന് സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. 'ഞങ്ങള്‍ക്ക് എല്ലാ വസ്തുതകളും അറിയേണ്ടതുണ്ട്, അദ്ദേഹത്തിന്റെ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള എല്ലാ ഗുരുതരമായ ചോദ്യങ്ങള്‍ക്കും റഷ്യ ഉത്തരം നല്‍കേണ്ടതുണ്ട്.'

റഷ്യന്‍ പ്രതിപക്ഷനേതാവായ അലക്സി നവല്‍നി ഇന്നലെയാണ് ജയിലില്‍ മരിച്ചത്. നാല്‍പത്തിയേഴുകാരനായ നവല്‍നിയെ തീവ്രവാദം ഉള്‍പ്പടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിലിലടച്ചത്. 2022 ആദ്യം മുതല്‍ 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നവല്‍നിയും അനുയായികളും ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.