ബംഗളൂരു: കാലാവധി കഴിഞ്ഞ കാര്‍ട്ടോസാറ്റ് -2 ഉപഗ്രഹത്തെ ഐ.എസ്.ആര്‍.ഒ ഭൂമിയില്‍ തിരിച്ചിറക്കി. ബുധനാഴ്ച വൈകിട്ട് 3.48 നാണ് ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉപഗ്രഹത്തെ പ്രവേശിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദ്വീപുകളും ആളുമില്ലാത്ത തെക്കന്‍ പ്രദേശത്തിന് മുകളിലെത്തിയ ഉപഗ്രഹം അന്തരീക്ഷ ഘര്‍ഷണത്തില്‍ തീപിടിച്ച് സമുദ്രത്തില്‍ പതിച്ചു.
ഉപഗ്രഹത്തിന് 680 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. ഉപഗ്രഹത്തെ കൃത്യമായി തിരിച്ചുകൊണ്ടുവന്ന് നശിപ്പിക്കുന്നത് ബഹിരാകാശ ചരിത്രത്തിലെ അപൂര്‍വതയാണ്. നാസയും ആഗോള സ്‌പെയ്‌സ് സേഫ് ആന്‍ഡ് സസ്റ്റയനിബിലിറ്റി സംഘടനകളും ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് രംഗത്തെത്തി.
2007 ജനുവരി പത്തിന് വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് രണ്ടാം തലമുറ ഉപഗ്രഹമാണ്. ഭൂമിയിലെ വസ്തുക്കളെ ഒരു മീറ്റര്‍ വരെ കൃത്യതയോടെ നിരീക്ഷിക്കാന്‍ കഴിവുണ്ട്. സൈനികാവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. 2019 ല്‍ കാലാവധി പൂര്‍ത്തിയായിരുന്നു. 2020 ല്‍ ശേഷിച്ച ഇന്ധനം ഉപയോഗിച്ച് 635 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 380 കിലോമീറ്റര്‍ ഉയരത്തിലേക്ക് വേഗം കുറച്ച് താഴ്ത്തി. പിന്നീട് ഭൂമിയില്‍ നിന്ന് 130 കിലോമീറ്റര്‍ ഉയരത്തിലേക്ക് താഴ്ത്തി. അവിടെ നിന്നാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷിതമായ ഭാഗത്തേക്ക് നീക്കി ഭൗമാന്തരീക്ഷത്തിലേക്ക് കടത്തിയത്. ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒയുടെ ടെലിമെട്രിക് കേന്ദ്രവും അതിലെ തന്നെ സേഫ് ആന്‍ഡ് സസ്റ്റയനബിള്‍ സ്‌പെയ്‌സ് ഓപ്പറേഷന്‍ ടീമുമാണ് സങ്കീര്‍ണമായ ദൗത്യം പൂര്‍ത്തിയാക്കിയത്.
ഒഴിവാക്കിയത് ഭാവിയിലെ ദുരന്തം
1. കാര്‍ട്ടോസാറ്റ് ബഹിരാകാശത്ത് തുടര്‍ന്നാല്‍, അടുത്ത മുപ്പത് വര്‍ഷം മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനും നിയന്ത്രണം വിട്ട് ഭൂമിയില്‍ പതിച്ച് വന്‍ ദുരന്തത്തിനും സാധ്യതയുണ്ടായിരുന്നു.
2.ചൈനയുടെ ലോംഗ് മാര്‍ച്ച് 5 ബി 2022 നവംബറില്‍ മധ്യ പെസഫിക്കിലും 2021 മെയില്‍ ചൈനയുടെ 25 ടണ്‍ ഭാരമുള്ള ഉപഗ്രഹ ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലദ്വീപിനടുത്തും വീണ് ദുരന്തമുണ്ടാക്കിയിരുന്നു. അമേരിക്കയുടെ സ്‌കൈലാബും സമാനമായ ഭീഷണി ഭൂമിയിലുണ്ടാക്കിയിരുന്നു.
3. ബഹിരാകാശത്ത് മനുഷ്യ നിര്‍മ്മിതമായ ഉപഗ്രഹഹങ്ങളുടെയും റോക്കറ്റുകളുടേയും അവശിഷ്ടങ്ങള്‍ അഞ്ച് ലക്ഷത്തോളം വരും. വലിയ വസ്തുക്കള്‍ മാത്രം 25000 ഉണ്ട്. എല്ലാം കൂടി 9000 ടണ്‍ ഭാരമുണ്ട്. ഉപഗ്രഹങ്ങളെ ഉപയോഗം കഴിഞ്ഞാല്‍ ഇല്ലാതാക്കാനുള്ള സാങ്കേതിക ജ്ഞാനം പല രാജ്യങ്ങള്‍ക്കുമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.