പി.സി ജോര്‍ജിന് പാരയായി ബിഡിജെഎസും ബിജെപി പ്രാദേശിക നേതാക്കളും; പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വം തുലാസില്‍

 പി.സി ജോര്‍ജിന് പാരയായി ബിഡിജെഎസും ബിജെപി പ്രാദേശിക നേതാക്കളും; പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വം തുലാസില്‍

കൊച്ചി: 'പത്തനംതിട്ടയില്‍ ബിജെപി ടിക്കറ്റില്‍ ലോക്സഭാ സ്ഥാനാര്‍ഥി'. ഇതായിരുന്നു സ്വന്തം പാര്‍ട്ടിയായ കേരള ജനപക്ഷത്തെ ബിജെപിയില്‍ ലയിപ്പിച്ച് കവിക്കൊടി പിടിക്കാന്‍ പി.സി ജോര്‍ജിന് മുന്നില്‍ ബിജെപി വച്ച ഓഫറുകളില്‍ പ്രധാനപ്പെട്ടത്. തന്റെ സ്ഥിരം നിയമസഭാ മണ്ഡലമായ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് പി.സി.

എന്നാല്‍ പി.സി ജോര്‍ജിനെതിരെ എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസും ബിജെപിയിലെ ഒരു വിഭാഗവും രംഗത്തെത്തിയിരിക്കുകയാണ്. മുതിര്‍ന്ന ബിജെപി നേതാവ് പി.കെ കൃഷ്ണ ദാസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായം തേടിയിരുന്നു.

ഇവരില്‍ കൂടുതല്‍ പേരും പി.സി ജോര്‍ജ് വേണ്ട എന്നാണ് അഭിപ്രായപ്പെട്ടത്. പ്രധാന മുന്നണികള്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ ബിജെപി മുതിര്‍ന്ന നേതാവിനെ തന്നെ ഇറക്കണം എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മല്‍സരിച്ച മണ്ഡലമാണ് പത്തനംതിട്ട. മാത്രമല്ല മൂന്ന് ലക്ഷത്തോളം വോട്ട് പിടിക്കുകയും ചെയ്തതാണ്. കെ.സുരേന്ദ്രന്‍ തന്നെ വീണ്ടും മല്‍സരിക്കണമെന്ന ആവശ്യമാണ് പലരും മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തില്‍ പി.സി ജോര്‍ജ് സ്ഥാനാര്‍ഥിത്വം തുലാസിലാകുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

യുഡിഎഫിന് വേണ്ടി സിറ്റിങ് എംപി ആന്റോ ആന്റണി തന്നെയാകും പത്തനംതിട്ടയില്‍ ഇറങ്ങുക. എല്‍ഡിഎഫിന് വേണ്ടി മുതിര്‍ന്ന സിപിഎം നേതാവ് തോമസ് ഐസകിന്റെ പേരാണ് മുഖ്യ പരിഗണനയില്‍. ഇതിനിടെയില്‍ ബിജെപി സ്ഥാനാര്‍ഥിയിയി പി.സി ജോര്‍ജ് മത്സരിച്ചിട്ട് കാര്യമില്ലെന്നാണ് ജില്ലയിലെ ബിജെപി നേതാക്കള്‍ സ്വീകരിച്ച നിലപാട്.

പത്തനംതിട്ട കിട്ടാതെ വന്നാല്‍ തൊട്ടടുത്ത മണ്ഡലമായ കോട്ടയത്ത് മത്സരിക്കാമെന്നു വച്ചാല്‍ അവിടെയും സാധ്യതയില്ല. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളി കോട്ടയമാണ് നോട്ടമിട്ടിരിക്കുന്നത്. പി.സി ജോര്‍ജിനെതിരെ ബിഡിജെഎസ് നേതാക്കളാണ് ശക്തമായ നിലപാട് എടുക്കുന്നത് എന്നാണ് വിവരം.

പി.സി ജോര്‍ജ് വിശ്വാസ്യതയില്ലാത്ത നേതാവാണ് എന്നായിരുന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മാത്രമല്ല, അദേഹത്തിന് ബിജെപി പ്രവര്‍ത്തകര്‍ പോലും വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.