പ്രിയങ്കയുടെ ഇടപെടലില്‍ 'കൈ' പിടിച്ച് അഖിലേഷ്; യുപിയില്‍ സീറ്റ് ധാരണ: കോണ്‍ഗ്രസിന് 17, എസ്പിക്ക് 63

പ്രിയങ്കയുടെ ഇടപെടലില്‍ 'കൈ' പിടിച്ച് അഖിലേഷ്; യുപിയില്‍ സീറ്റ് ധാരണ: കോണ്‍ഗ്രസിന് 17, എസ്പിക്ക് 63

ലക്‌നൗ: മൂന്ന് സീറ്റുകളെച്ചൊല്ലി കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ച അവസാനിപ്പിച്ച് ഉത്തര്‍പ്രദേശില്‍ സമാദ് വാദി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വീണ്ടും സഖ്യ ധാരണയിലെത്തി ഇരു പാര്‍ട്ടികളും. അഖിലേഷ് യാദവുമായി പ്രിയങ്ക ഗാന്ധി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സഖ്യം സാധ്യമായത്.

ഇതുപ്രകാരം കോണ്‍ഗ്രസ് 17 സീറ്റില്‍ മത്സരിക്കും. എസ്പി 63 സീറ്റിലും മത്സരിക്കും. 20 സീറ്റായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എസ്.പിയോട് ആവശ്യപ്പെട്ടിരുന്നത്. അവസാനം 17 സിറ്റില്‍ തൃപ്തിപ്പെടാന്‍ പാര്‍ട്ടി തീരമാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ സഖ്യം സീറ്റ് ധാരണയിലെത്തുന്ന ആദ്യ സംസ്ഥാനമായി യുപി മാറി.

രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രിയങ്ക അഖിലേഷുമായി സംസാരിച്ചത്. കൂടുതല്‍ സീറ്റ് വേണമെന്ന കടുംപിടിത്തം അവസാനിപ്പിക്കാന്‍ സോണിയ ഗാന്ധിയും സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറണം എന്നായിരുന്നു സോണിയ പ്രാദേശിക നേതൃത്വത്തിനോട് പറഞ്ഞത്. യുക്തി രഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കരുതെന്നും സോണിയ നിര്‍ദേശിച്ചു.

മൊറാദാബാദ്, വരാണസി മണ്ഡലങ്ങളെ ചൊല്ലിയാണ് പ്രധാനമായും പ്രശ്നം നിലനിന്നിരുന്നത്. മൊറാദാബാദ് സീറ്റിനായുള്ള അവകാശവാദത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി. വരാണസിയില്‍ നിന്ന് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചേക്കും. ഹാഥ്രസും സിതാപുരും എസ്.പി കോണ്‍ഗ്രസിന് വിട്ടു നല്‍കിയേക്കും. പകരം മഥുര സീറ്റ് എസ്.പിക്ക് നല്‍കും.

ഇതോടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ അഖിലേഷ് യാദവ് പങ്കെടുക്കും. തങ്ങള്‍ ഒറ്റയ്ക്ക് മത്സിക്കുമെന്ന നിലപാടാണ് നേരത്തെ അഖിലേഷ് യാദവ് സ്വീകരിച്ചിരുന്നത്. നിതീഷ് കുമാറിന്റെ സഖ്യം വിടലിന് കാരണം കോണ്‍ഗ്രസ് ആണെന്നത് ഉള്‍പ്പെടെ രൂക്ഷമായ പ്രതികരണങ്ങള്‍ അഖിലേഷിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.