നടക്കുന്നത് ഗൂഢാലോചന: കര്‍ഷകരെ മലയോര മേഖലകളില്‍ നിന്നും ആട്ടിയോടിക്കുന്നുവെന്ന് മാര്‍ ജോസഫ് പാംപ്ലാനി

നടക്കുന്നത് ഗൂഢാലോചന: കര്‍ഷകരെ മലയോര മേഖലകളില്‍ നിന്നും ആട്ടിയോടിക്കുന്നുവെന്ന് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: കര്‍ഷകരെ മലയോര മേഖലകളില്‍ നിന്നും ഓടിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മലയോര മേഖലയിലെ കര്‍ഷകരുടെ സംരക്ഷണത്തിനായി സിറോ മലബാര്‍ സഭ ഏതറ്റം വരെയും പ്രതിഷേധം നടത്തുമെന്നും മാര്‍ ജോസഫ് പാംപ്ലാനി ഒരു മാധ്യമത്തോട് സംസാരിക്കവെ വ്യക്തമാക്കി.

വരുന്ന തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ വോട്ടവകാശം സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ രേഖപ്പെടുത്തും. കേരളത്തില്‍ വനവിസ്തൃതി ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 15 ലക്ഷം രൂപ മാത്രം നല്‍കുന്ന നവകിരണം പദ്ധതി നടപ്പാക്കി കുടിയേറ്റ കര്‍ഷകരെ ഹൈറേഞ്ച് വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനും കാര്‍ബണ്‍ ഫണ്ട് സമ്പാദിക്കുന്നതിനുമായി കര്‍ഷകരെ ആട്ടിയോടിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയമുണ്ട്. ഇതിനെതിരെ ജനാധിപത്യപരമായ രീതിയില്‍ സമരം നടത്തും. ഒരിക്കലും അക്രമസമരത്തിനില്ലെന്നും അദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലുള്ള അവസരങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിക്കും. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ല. റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ ഉന്നയിച്ചപ്പോള്‍ അതിന് രാഷ്ട്രീയ നിറം നല്‍കാന്‍ ചിലര്‍ ശ്രമിച്ചു. കര്‍ഷകരുടെ പ്രശ്‌നത്തിന് രാഷ്ട്രീയ നിറം നല്‍കി തുരങ്കം വയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. കര്‍ഷകരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നവരെ മാത്രമേ തങ്ങള്‍ പിന്തുണയ്ക്കൂവെന്നും മാര്‍ പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ മാര്‍ ജോസഫ് പാംപ്ലാനി ആശങ്ക രേഖപ്പെടുത്തി. വനത്തിന്റെ വാഹക ശേഷിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫില്‍ട്ടര്‍ വേട്ട നടപ്പാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ഒരു ആനയ്ക്ക് 20 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ആവശ്യമാണ്. എന്നാല്‍ കേരളത്തില്‍ ഓരോ ആനയ്ക്കും 1.8 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണുള്ളത്.

ആനകളുടെ ജനസംഖ്യ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അവയെ മാറ്റി പാര്‍പ്പിക്കുകയോ വന്ധ്യംകരണം ചെയ്യുകയോ ചെയ്യണം. ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയും വനങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന തേക്ക്, അക്കേഷ്യ, സെന്ന, യൂക്കാലിപ്റ്റസ് എന്നിവ നടുന്നതിന് പകരം മൃഗങ്ങള്‍ക്ക് വനത്തില്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത വനം വകുപ്പ് ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.