പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ ആല്‍ബനീസി സര്‍ക്കാര്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന മതപരമായ വിവേചന ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) സെമിനാര്‍ സംഘടിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് സ്‌കൂളുകളുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്ന ഓസ്ട്രേലിയന്‍ നിയമ പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ക്കെതിരേ ശക്തമായ പ്രതിഷേധം വിശ്വാസികളില്‍നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ പുതിയ സി.ഇ.ഒ. മിഷേല്‍ പിയേഴ്സ് സെമിനാര്‍ നയിക്കും. ഫെബ്രുവരി 28-ന് വൈകിട്ട് ഏഴിന് നീല്‍ സ്ട്രീറ്റ് ഓസ്‌ബോണ്‍ പാര്‍ക്കിലെ വിക്ടറി ലൈഫ് സെന്റര്‍ ദി ഗ്രീവ്‌സ് റൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മിഷേല്‍ പിയേഴ്സ്
പള്ളികള്‍ക്കും ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കും ചാരിറ്റി സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ ബില്ലിലെ ശുപാര്‍ശകള്‍. ക്രൈസ്തവ വിശ്വാസത്തിനു വിരുദ്ധമായി ലൈംഗികതയെയും ലിംഗഭേദത്തെയും കുറിച്ചുള്ള ആശയങ്ങള്‍ കുട്ടികളില്‍ കുത്തിനിറയ്ക്കാന്‍ ക്രിസ്ത്യന്‍ സ്‌കൂളുകളെ നിര്‍ബന്ധിക്കുന്നതാണ് ബില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി ആരോപിക്കുന്നു.
ജീവശാസ്ത്രപരമായ ലൈംഗികതയ്ക്കും ക്രിസ്ത്യന്‍ സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമായി വേണം ഈ ബില്ലിനെ കാണാനെന്ന് എ.സി.എല്‍. ചൂണ്ടിക്കാണിക്കുന്നു. പരമ്പരാഗത ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പള്ളികളുടെയും ക്രിസ്ത്യന്‍ സ്‌കൂളുകളുടെയും ചാരിറ്റികളുടെയും അവകാശം നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന ശക്തികളാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ക്രിസ്തീയ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ ഭീഷണികള്‍ നേരിടുന്നതിനൊപ്പം, പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്താന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ മികച്ച മാര്‍ഗനിര്‍ദേശം നല്‍കാന്‍ സി.ഇ.ഒ. മിഷേല്‍ പിയേഴ്സനു കഴിയുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ) ഡയറക്ടര്‍ പീറ്റര്‍ ആബെറ്റ്‌സ് പറഞ്ഞു.
വൈദികരുമായി മുഖാമുഖം
പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ക്രൈസ്തവ പുരോഹിതരുമായി സംവദിക്കാനും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ പദ്ധതികളെക്കുറിച്ച് പങ്കിടാനും പുതിയ സി.ഇ.ഒ. മിഷേല്‍ പിയേഴ്സന്‍ പെര്‍ത്തില്‍ എത്തുന്നു.
ഫെബ്രുവരി 28ന് രാവിലെയോ ഉച്ചകഴിഞ്ഞോ മിഷേലുമായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനും വൈദികര്‍ക്ക് അവസരമുണ്ട്. വുഡ്വെയ്ല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 11 വരെയും മൗണ്ട് പ്ലസന്റിലെ ഡോം ഡീപ് വാട്ടര്‍ പോയിന്റ് പവലിയനില്‍ 28ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെയാണ് മിഷേലിനെ കാണാന്‍ അവസരമുള്ളത്.
മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നത് സംബന്ധിച്ച ആശയങ്ങള്‍ കേള്‍ക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഫെഡറല്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന മതപരമായ വിവേചന ബില്‍ സംബന്ധിച്ച് ചോദ്യോത്തരങ്ങള്‍ക്ക് അവസരമുണ്ടാകും. ക്രൈസ്തവ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ആശങ്കകള്‍ പങ്കുവയ്ക്കാനുള്ള മികച്ച അവസരമാണിതെന്ന് പീറ്റര്‍ ആബെറ്റ്‌സ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.