അലക്‌സി നവല്‍നിയുടെ മൃതദേഹം അമ്മയെ കാണിച്ചു, രഹസ്യമായി സംസ്‌കരിക്കാന്‍ സമ്മര്‍ദമെന്ന് വെളിപ്പെടുത്തല്‍

അലക്‌സി നവല്‍നിയുടെ മൃതദേഹം അമ്മയെ കാണിച്ചു, രഹസ്യമായി സംസ്‌കരിക്കാന്‍ സമ്മര്‍ദമെന്ന് വെളിപ്പെടുത്തല്‍

മോസ്‌കോ: ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവല്‍നിയുടെ മൃതദേഹം കാണാന്‍ അനുവദിച്ചതായി മാതാവ് ലുഡ്മില. വീഡിയോ സന്ദേശത്തിലാണു ലുഡ്മില ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രി, തന്നെ രഹസ്യമായി മോര്‍ച്ചറിയിലേക്കു കൊണ്ടുപോയതായും മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടതായും ലുഡ്മില വ്യക്തമാക്കി.

എന്നാല്‍ നവല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കുന്നതിന് അധികൃതര്‍ സമ്മര്‍ദം ചെലുത്തുന്നതായും അവര്‍ വെളിപ്പെടുത്തി. 'മൃതദേഹം വിട്ടുനല്‍കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്' - ലുഡ്മില പറഞ്ഞു. നവല്‍നിയുടെ മൃതദേഹം വിട്ടുകിട്ടാനായി മാതാവ് ലുഡ്മില കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആര്‍ട്ടിക് സിറ്റിയിലെ സാലേഖാഡിലെ കോടതിയിലാണു പരാതി നല്‍കിയത്. കോടതി മാര്‍ച്ച് നാലിന് വാദം കേള്‍ക്കും. അന്വേഷണം നടക്കുന്നതിനാല്‍ രണ്ടാഴ്ചയ്ക്കു ശേഷമേ മൃതദേഹം വിട്ടുകൊടുക്കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

'രഹസ്യമായി സംസ്‌കാരം നടത്തിയില്ലെങ്കില്‍ മകന്റെ മൃതദേഹത്തെ വികൃതമാക്കുമെന്നാണ് ഭീഷണി. അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത് സമയം നിങ്ങള്‍ക്കൊപ്പമല്ല, മൃതദേഹം അഴുകിത്തുടങ്ങിയെന്നാണ്' - നവല്‍നിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഫെബ്രുവരി 16നായിരുന്നു നവല്‍നിയുടെ മരണം.

അതിശൈത്യ മേഖലയായ യമോല നെനറ്റ്‌സ് പ്രവിശ്യയിലെ ജയിലിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവല്‍നി മരിച്ചത്. പ്രഭാത നടത്തത്തിനു പിന്നാലെ കുഴഞ്ഞുവീണു മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍, കൊലപാതകമാണെന്നും പിന്നില്‍ പുടിന്‍ ആണെന്നുമാണു ഭാര്യ യൂലിയയും സഹപ്രവര്‍ത്തകരും ആരോപിച്ചത്.

നവല്‍നിയുടെ മൃതദേഹം വിട്ടുകിട്ടാനായി ശനിയാഴ്ച സ്ഥലത്തെത്തി മാതാവ് ലുഡ്മില ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മൃതദേഹം വിട്ടുനല്‍കണമെന്ന് ലുഡ്മില പുടിനോടും അഭ്യര്‍ഥിച്ചിരുന്നു. 'എന്റെ മകനെ മനുഷ്യനെപ്പോലെ സംസ്‌കരിക്കണം. അക്കാര്യത്തില്‍ താങ്കള്‍ക്കു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ' പുടിനുള്ള സന്ദേശത്തില്‍ ലുഡ്മില പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.