മുറിവുണങ്ങാതെ ഉക്രെയ്ന്‍; ചോരക്കൊതി മാറാതെ റഷ്യ; യുദ്ധം രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍

മുറിവുണങ്ങാതെ ഉക്രെയ്ന്‍; ചോരക്കൊതി മാറാതെ റഷ്യ; യുദ്ധം രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍

കീവ്: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തെ പിടിച്ചുലച്ച റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. ഇരുവശത്തും മരിച്ചുവീഴുന്ന നിരപരാധികളുടെ എണ്ണം പോലും അപ്രസക്തമാകുന്ന നാളുകള്‍. രണ്ടു വര്‍ഷമായി ഇരുട്ടു വീണ ജീവിതത്തില്‍ ഉക്രെയ്ന്‍ ജനത പ്രത്യാശയുടെ ഭാവി തേടുമ്പോഴും വേട്ടക്കാരനെ പോലെ പിന്തുടര്‍ന്ന് ആക്രമിക്കുകയാണ് റഷ്യ.

2022 ഫെബ്രുവരി 24നാണ് റഷ്യന്‍ സൈന്യം ഉക്രെയ്‌നെ ആക്രമിക്കുന്നത്. നിലവില്‍ ഉക്രെയ്‌നിന്റെ 20 ശതമാനം ഭാഗത്ത് റഷ്യ നിയന്ത്രണം നേടിയിരിക്കുകയാണ്. 2014ലെ ആക്രമണത്തില്‍ പിടിച്ചെടുത്ത ഏഴ് ശതമാനം പ്രദേശത്തിന് പുറമെയാണിത്. യുദ്ധം ആരംഭിച്ച ഉടന്‍ സൈനിക ശക്തിയില്‍ റഷ്യയുടെ നാലിലൊന്നുപോലും ഇല്ലാത്ത ഉക്രെയ്ന്‍ അടിയറവു പറയും എന്ന റഷ്യന്‍ ഭരണകൂടത്തിന്റെ അമിത ആത്മവിശ്വാസത്തെതാണ് ഈ ചെറുരാജ്യം ആദ്യം തോല്‍പിച്ചത്.വീണും എഴുന്നേറ്റും പിന്‍വാങ്ങിയും മുന്നേറിയുമൊക്കെ ഉക്രെയ്ന്‍ സൈന്യവും അവിടുത്തെ ജനങ്ങളും പൊരുതിക്കൊണ്ടിക്കൊണ്ടിരുന്നപ്പോള്‍ യുദ്ധവും അനിശ്ചിതമായി നീണ്ടു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ കൂടിയായപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ഒടുവില്‍ ഒരു വശത്ത് റഷ്യയും മറുവശത്ത് പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള വടംവലിയായി യുദ്ധം മാറിയെന്നു വേണം കരുതാന്‍.

അവസാനിക്കാത്ത മരണക്കണക്കുകള്‍

2022 ഫെബ്രുവരി 24 ന് റഷ്യന്‍ സൈന്യം കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ പ്രവേശിക്കുമ്പോള്‍ അത് അവസാനമില്ലാത്ത ഒരു യുദ്ധത്തിന്റെ തുടക്കമാകുമെന്ന് ആരും കരുതിയില്ല. യുദ്ധം ഉക്രെയ്‌ന് സമ്മാനിച്ചത് അതിഭീമമായ നഷ്ടങ്ങളാണ്. സമീപ ഭാവിയിലൊന്നും യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകള്‍ കാണുന്നില്ല എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ആഗോള സമ്പദ് വ്യവസ്ഥയെയും ഈ സംഘര്‍ഷം പിടിച്ചുലച്ചു.

യു.എന്‍ മനുഷ്യാവകാശ നിരീക്ഷണദൗത്യത്തിന്റെ കണക്കുകള്‍ പ്രകാരം ഉക്രെയ്‌നില്‍ ഇതുവരെ കൊല്ലപ്പെട്ട സാധാരണക്കാര്‍ 10,582; പരുക്കേറ്റവര്‍ 19,875. കൊല്ലപ്പെട്ട ഉക്രെയ്ന്‍ സൈനികര്‍ 35,000.യുദ്ധം യുക്രെയ്‌നില്‍ സൃഷ്ടിച്ചത് ഒന്നരക്കോടി അഭയാര്‍ഥികളെയാണ്. എണ്‍പതു ലക്ഷം പേരാണ് രാജ്യമുപേക്ഷിച്ച് പോയത്. അതില്‍ 60 ലക്ഷത്തോളം അയല്‍രാജ്യങ്ങളില്‍ ചേക്കേറി. ഉക്രൈയ്ന്‍ ജനസംഖ്യയുടെ മൂന്നിലൊന്നുപേര്‍ അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. റഷ്യയാവട്ടെ യുദ്ധനിയമങ്ങളൊക്കെ ലംഘിച്ച് ഉക്രെയ്‌നില്‍ കൂട്ടക്കൊലകള്‍ തുടരുകയാണ്.

24 വിദേശരാജ്യങ്ങളില്‍ നിന്നുള്ള 192 പേരും കൊല്ലപ്പെട്ടു കര്‍ണാടകയില്‍നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീനും ഇക്കൂട്ടത്തിലുണ്ട്.

സൈനികരെ കുരുതി കൊടുത്ത് റഷ്യ

ഈ മാസം 14 വരെ റഷ്യന്‍ പക്ഷത്ത് 44,654 പേരുടെ മരണം സ്ഥിരീകരിച്ചതായി ബിബിസി ന്യൂസ് പറയുന്നു. റഷ്യയ്ക്കുവേണ്ടി പൊരുതുന്ന കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേനയിലെ 20,000 പേര്‍ കൊല്ലപ്പെട്ടതായി അവരുടെ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ 2023 മേയില്‍ പറഞ്ഞിരുന്നു. റഷ്യന്‍ സേനയില്‍ 1.20 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായും പ്രിഗോഷിന്‍ പറഞ്ഞിരുന്നു. റഷ്യയ്ക്കാര്‍ക്ക് പുറമേ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും നിര്‍ബന്ധിച്ച് പരിശീലിപ്പിക്കുന്നെന്ന വിവരമാണ് അടുത്തിടെ പുറത്തുവന്നത്. അതില്‍ ചതിയില്‍പ്പെട്ട് റഷ്യയിലെത്തിയ ഇന്ത്യക്കാരും ഉള്‍പ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമായ കാര്യമായിരുന്നു.

കിതയ്ക്കുന്നു ഉക്രെയ്‌നും റഷ്യയും

നിലവില്‍ കാര്യങ്ങളുടെ ഗതി ഒട്ടും ആവാവഹമല്ല. വാക്കുകളിലും ശരീരഭാഷയിലും ആത്മവിശ്വാസം നിറഞ്ഞുനിന്നിരുന്ന ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഇന്ന് തളര്‍ന്നിരിക്കുന്നു. യു.എസും പാശ്ചാത്യ സഖ്യ രാജ്യങ്ങളും നല്‍കിയ പിന്തുണയായിരുന്നു റഷ്യക്കെതിരെ പൊരുതാന്‍ ഉക്രെയ്‌നിന്റെ ആത്മവിശ്വാസം. എന്നാല്‍ ഉക്രെയ്‌നെ സഹായിക്കുന്നതിന്റെ പേരില്‍ അമേരിക്ക അടക്കം സ്വന്തം രാജ്യത്തുനിന്നും വിമര്‍ശനം നേരിടുകയാണ്.

അമേരിക്കയും ബ്രിട്ടനും അടക്കം നിരവധി രാജ്യങ്ങള്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി. അവയുടെ എണ്ണം അഞ്ഞൂറിലധികമാണെന്നത് മറ്റൊരു വസ്തുത. റഷ്യന്‍ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും ആണവായുധകമ്പനികളുമെല്ലാം ഉപരോധം നേരിടുമ്പോഴും യുദ്ധം കൊണ്ട് എന്ത് നേടി എന്ന ചോദ്യത്തിന് ഇപ്പോഴും ഒരുത്തരമില്ല. ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവര്‍, അനാഥരായവര്‍, ഗുരുതരമായി പരിക്കേറ്റവര്‍ നിരവധിയാണ്. കണക്കുകളില്‍ ഉള്‍പ്പെടാതെ പോയവരാണേറെയും.റഷ്യന്‍ തെരഞ്ഞെടുപ്പ് മാര്‍ച്ചില്‍

ഉക്രെയ്‌നിലും റഷ്യയിലും പൊതുതെരഞ്ഞെടുപ്പ് വര്‍ഷമാണിത്. മാര്‍ച്ച് 17ന് നടക്കുന്ന റഷ്യന്‍ തെരഞ്ഞെടുപ്പില്‍ പുടിന്‍ വീണ്ടും പ്രസിഡന്റാകുമെന്നാണ് വിലയിരുത്തല്‍. ഉക്രെയ്‌നില്‍ മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഒക്ടോബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടക്കേണ്ടതാണെങ്കിലും യുദ്ധപശ്ചാത്തലത്തില്‍ വ്യക്തത വന്നിട്ടില്ല.

കൂടുതല്‍ വായനയ്ക്ക്:

ബുച്ച കൂട്ടക്കുരുതി: റഷ്യയ്ക്കെതിരെ ആഗോള പ്രതിഷേധം; സൈനികരുടെ ക്രൂരത വിവരിച്ച് കണ്ണീരോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.