ബുച്ച കൂട്ടക്കുരുതി: റഷ്യയ്ക്കെതിരെ ആഗോള പ്രതിഷേധം; സൈനികരുടെ ക്രൂരത വിവരിച്ച് കണ്ണീരോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്

ബുച്ച കൂട്ടക്കുരുതി: റഷ്യയ്ക്കെതിരെ ആഗോള പ്രതിഷേധം; സൈനികരുടെ ക്രൂരത വിവരിച്ച് കണ്ണീരോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്

കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവിനു സമീപം ബുച്ച പട്ടണത്തില്‍ റഷ്യന്‍ സൈന്യം സാധാരണ പൗരന്‍മാരെ കൂട്ടക്കുരുതി നടത്തിയ സംഭവത്തില്‍ രാജ്യാന്തര പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നിരവധി ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും രംഗത്തുവന്നു. കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങള്‍ വേദനാജനകമാണെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു. ചിത്രങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

കൂട്ടക്കൊല യുദ്ധക്കുറ്റമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വിചാരണ ചെയ്യണമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ബുച്ച സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ഉക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും അദ്ദേഹം സഖ്യരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് യു.എന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് അറിയിച്ചു. ബുച്ചയിലെ കൂട്ടക്കുരുതിക്ക് റഷ്യ ഉത്തരം പറയേണ്ടി വരുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മുന്നറിയിപ്പു നല്‍കി. നടന്നതെന്തെന്ന് അന്വേഷിക്കണമെന്ന് യുഎന്നും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു. അതേസമയം കൂട്ടക്കൊല നടത്തിയിട്ടില്ലെന്നാണ് റഷ്യന്‍ നിലപാട്.

ബുച്ചയില്‍ അരങ്ങേറിയതു വംശഹത്യയാണെന്ന സെലന്‍സ്‌കിയുടെ ആരോപണത്തെ ശരിവച്ച് സ്പാനീഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും രംഗത്തു വന്നു. ഉക്രെയ്നില്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തുമെന്നു പെഡ്രോ സാഞ്ചസ് പറഞ്ഞു. ബുച്ച കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം യുറോപ്യന്‍ യൂണിയന്‍ പരിഗണിക്കുമെന്നാണു സൂചന.

കീവിനു സമീപം സാധാരണക്കാരുടെ 410 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഒരു പള്ളിവളപ്പില്‍ 45 അടി നീളമുള്ള കൂട്ടക്കുഴിമാടം കണ്ടെത്തിയതായി ഉപഗ്രഹചിത്രങ്ങളും കാണിച്ചിരുന്നു. പൂര്‍ണമായി മൂടാത്ത കുഴിയിലെ മണ്ണിനു മുകളില്‍ മൃതദേഹങ്ങളുടെ കൈകാലുകള്‍ പുറത്തുകാണാമായിരുന്നു.

അപലപിച്ച് ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭാ തലവന്‍

ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭാധ്യക്ഷനും കൂട്ടക്കുരുതിയെ അപലപിച്ച് രംഗത്തുവന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തന്റെ ദൈനംദിന വീഡിയോ സന്ദേശത്തിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, ബുച്ചയിലെ റഷ്യന്‍ ക്രൂരതയുടെ വാര്‍ത്തകളും വീഡിയോയും പുറത്തുവിട്ട് വിമര്‍ശനമുന്നയിച്ചത്.


മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്

ഉക്രെയ്ന്‍ തലസ്ഥാനത്ത് നിന്ന് 15 മൈല്‍ അകലെയുള്ള ബുച്ചയിലെ കരളലിയിക്കുന്ന രംഗങ്ങളെക്കുറിച്ചും ആര്‍ച്ച് ബിഷപ്പ് വിവരിച്ചു. നൂറുകണക്കിന് മൃതദേഹങ്ങള്‍ നിരത്തിയിട്ട കുഴിമാടങ്ങള്‍, തെരുവുകളില്‍ വെടിയേറ്റു ചിതറിക്കിടക്കുന്ന ശരീരങ്ങള്‍, ചിലതിന്റെ കൈകാലുകള്‍ ബന്ധിച്ചിരിക്കുന്നു, കത്തിക്കാന്‍ കാത്തുകിടക്കുന്ന സ്ത്രീകളുടെ നഗ്‌നശരീരങ്ങള്‍....

പണ്ട് നാസികളില്‍നിന്നാണ് യൂറോപ്പ് ഇത്തരം ക്രൂരതകള്‍ അനുഭവിച്ചിട്ടുള്ളത്. ഇന്ന് ഉക്രെയ്‌നും ഇത് അനുഭവിക്കുന്നു. ലോകം മുഴുവന്‍ ഇത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്.

റഷ്യന്‍ സൈന്യം ബുച്ചയില്‍ സാധാരണക്കാരെ ബോധപൂര്‍വം കൂട്ടക്കൊല നടത്തുകയാണെന്ന് ഉക്രെയ്‌ന്റെ വിദേശകാര്യ മന്ത്രി ആരോപിച്ച ദിവസമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പും തന്റെ നിലപാട് വ്യക്തമാക്കിയത്.

'യൂറോപ്പിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഫ്രാന്‍സിലെ ലൂര്‍ദ്, പോര്‍ച്ചുഗലിലെ ഫാത്തിമ, ജര്‍മ്മനിയിലെ ആള്‍ട്ടോട്ടിംഗ്, ഓസ്ട്രിയയിലെ മരിയാസെല്‍, പോളണ്ടിലെ സിസ്റ്റോച്ചോവ, ഇറ്റലിയിലെ ലോറെറ്റോ എന്നിയുടെ പ്രാര്‍ത്ഥനയും പിന്തുണയും ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ഥിച്ചു.

യൂറോപ്പിലെ ക്രൈസ്തവരുടെ മനസ്സാക്ഷിയെയും ബോധത്തെയും രൂപപ്പെടുത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണിവ. ലോകത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവരുടെ മനസാക്ഷി ഉക്രയ്‌നോടൊപ്പമുണ്ടെന്നതില്‍ തങ്ങള്‍ നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.